മുംബൈ മെട്രോ ലൈൻ 3-ലെ ബികെസി സ്റ്റേഷൻ ബേസ്മെന്‍റിൽ ഉഗ്രവിഷമുള്ള ചേനത്തണ്ടൻ അണലിയെ കണ്ടെത്തി. നിർജ്ജലീകരണം സംഭവിച്ച പാമ്പിന് രക്ഷാപ്രവർത്തകർ വെള്ളം നൽകിയ ശേഷം അതിനെ സുരക്ഷിതമായി പിടികൂടി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. കനത്ത ചൂടും മഴയും പാമ്പുകൾ പുറത്തിറങ്ങാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഴക്കാലത്തിന് മുമ്പ് ചൂടിന്‍റെ പാരമ്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വൈകിയെത്തിയ മൺസൂൺ ശക്തി പ്രാപിക്കാൻ തുടങ്ങുമ്പോഴും പാമ്പ് ശല്യത്തിന് ഒരു കുറവുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി, മുംബൈ മെട്രോ 3 -യുടെ ബികെസി സ്റ്റേഷനിലെ ബേസ്മെന്‍റിൽ നിന്നും കണ്ടെത്തിയത് ഒന്നാന്തരമൊരു ചേനത്തണ്ടൻ അണലിയെ. ഏറെ പരിശ്രമത്തിനൊടുവിൽ വിഷപാമ്പിനെ സാഹസീകമായി പിടികൂടി സുരക്ഷിതമായി വിട്ടയച്ചു.

മെട്രോ സ്റ്റേഷന്‍റെ ബേസ്മെന്‍റിൽ

ഇന്ന് (23.6.'26) രാവിലെയാണ് മുംബൈ മെട്രോ ലൈൻ 3 ലെ ബികെസി സ്റ്റേഷന്‍റെ ബേസ്മെന്‍റിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉഗ്ര വിഷമുള്ള റസ്സൽസ് വൈപ്പറിനെ പിടികൂടിയത്. പിടികൂടുമ്പോൾ പാമ്പ് ദുർബലനും നിർജ്ജലീകരണവും സംഭവിച്ച് ഏറെ അവശനായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. പിടികൂടിയതിന് പിന്നാലെ പാമ്പിന് വെള്ളം നൽകിയ ശേഷമാണ് അതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സ്വതന്ത്രനാക്കിയത്. ബാന്ദ്ര-കുർള കോംപ്ലക്സിലെ (ബികെസി) മെട്രോ ലൈൻ 3 സ്റ്റേഷനോട് ചേർന്നുള്ള എ5 ഓഡിറ്റ് കെട്ടിടത്തിന് സമീപത്ത് വച്ച് ഇന്ന് രാവിലെ 7:47 ഓടെയാണ് സംഭവം. 

Scroll to load tweet…

പരിസരത്തെ ബേസ്മെന്‍റ് -2 ൽ പാമ്പിനെ കണ്ടതിയത് യാത്രക്കാരണ്. ശബ്ദം കേട്ട് പരിസരം ശ്രദ്ധിച്ച യാത്രക്കാരാണ് സുരാക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. പിന്നാലെ എംഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ വന്യജീവി രക്ഷാപ്രവർത്തകരുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ് മുംബൈ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലർച്ചെ മുതൽ നഗരത്തിലുടനീളം കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായി കണക്കാക്കുന്ന റസ്സൽസ് വൈപ്പറാണ് പാമ്പെന്ന് രക്ഷാപ്രവർത്തകർ തിരിച്ചറിഞ്ഞു. പാമ്പിന് ഏകദേശം രണ്ടര അടി നീളമുണ്ടായിരുന്നു.

വെള്ളം കുടിച്ചതിന് പിന്നാലെ ഊഷാറായി ചേനത്തണ്ടൻ

മതിലിനടുത്തുള്ള ഒരു മൂലയിൽ ദുർബലമായും അനങ്ങാതെയും ഇരിക്കുന്ന നിലയിലായിരുന്നു പാമ്പെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മഴയ്ക്ക് മുമ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ട കടുത്ത ചൂട് കാരണം പാമ്പ് നിർജ്ജലീകരണം സംഭവിച്ച് ക്ഷീണിതനായിരിക്കാമെന്ന് സംശയിക്കുന്നു. രക്ഷാപ്രവർ‍ത്തകർ ആദ്യം പാമ്പിന് മുന്നിലേക്ക് വെള്ളം ഒഴിച്ച് നൽകി. യാതൊരു അസ്വസ്ഥതയും കാണിക്കാതെ പാമ്പ് വെള്ളം കുടിക്കുകയും പിന്നാലെ കൂടുതൽ ശക്തിയായി ചീറ്റുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ പാമ്പിനെ പിടികൂടി ഒരു കണ്ടെയ്നറിലാക്കി അതിനെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു. അതികഠിനമായ വേനൽക്കാലം പോലെ ശക്തമായ മഴക്കാലത്തും പാമ്പുകൾ തങ്ങളുടെ മാളങ്ങളിൽ നിന്നും പുറത്തിറങ്ങുമെന്നും അതിനാൽ പ്രത്യേകം ശ്രദ്ധവേണമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ഒപ്പം ആരും സ്വയം പാമ്പുകളെ പിടിക്കാൻ ശ്രമിക്കരുതെന്നും അതിനായ ഏറ്റവും അടുത്തുള്ള അംഗീകൃത പാമ്പുപിടിത്തക്കാരെ വിളിക്കാനും നിർദ്ദേശിച്ചു.