യുവതിയുടെ രാത്രിയാത്രയില്‍ ആകുലപ്പെട്ട് സഹോദരന്‍. എന്നാല്‍, ഒന്നും പേടിക്കണ്ട എന്ന് കാബ് ഡ്രൈവര്‍. ഈ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്. 

ഡെൽഹിയിൽ നിന്നും ​ഗുരു​ഗ്രാമിലേക്ക് രാത്രിയിൽ യാത്ര ചെയ്യേണ്ടി വന്ന ഒരു യാത്രക്കാരിക്കുണ്ടായ ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ ആളുകളുടെ മനം കവരുന്നത്. യുവതിയുടെ കുടുംബവും കാബ് ഡ്രൈവറും തമ്മിലുണ്ടായ സംഭാഷണമാണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്. ലക്ഷയ് മേത്ത എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പായി സഹോദരൻ യുവതിയോട് ശ്രദ്ധിക്കണമെന്നും യാത്രയിൽ അപ്പപ്പോൾ വിവരങ്ങളെല്ലാം അറിയിക്കാൻ മറക്കരുത് എന്നുമെല്ലാം പറയുകയാണ്. എന്നാൽ, ആ സമയത്ത് ഇവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കാബ് ഡ്രൈവറുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹോദരന്റെ ഈ കരുതലും ആകുലതകളും ശ്രദ്ധയിൽ പെട്ട കാബ് ഡ്രൈവർ യുവതിയുടെ സഹോദരനോട് ഇങ്ങനെയാണ് പറഞ്ഞത്, 'എന്റെ നമ്പറും അഡ്രസും വണ്ടിയുടെ പുറത്തെഴുതിയിട്ടുണ്ട്. അതിന്റെ ഫോട്ടോ എടുത്തോളൂ. ഇവൾ എന്റെയും സഹോദരിയാണ്, സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് അവളുള്ളത്. ഇത് നിങ്ങളുടെ സഹോദരന്റെ കാബാണ്, സുഖമായിട്ടിരിക്കൂ'. ഇത് കേട്ടതോടെ യാത്രക്കാരി കാബ് ഡ്രൈവറോട് നന്ദി പറഞ്ഞു. തന്റെ കുടുംബത്തിന് ആശങ്കയുണ്ടാകും, നന്ദി ഭയ്യാ എന്നാണ് അവൾ പ്രതികരിച്ചത്.

Scroll to load tweet…

ഡ്രൈവർ വീണ്ടും യുവതിയുടെ കുടുംബത്തിന് അവരുടെ സുരക്ഷയെ കുറിച്ച് ഉറപ്പ് നൽകുകയും യാത്രയിലുള്ള യുവതിയുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുകയും ചെയ്യുകയായിരുന്നു. ഡ്രൈവറെ അഭിനന്ദിച്ചും എന്നാൽ, രാത്രിയാത്രയിൽ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചും ഒക്കെ ആളുകൾ സോഷ്യൽ മീഡിയയിൽ കമന്റുകൾ നൽകി. സ്ത്രീകൾക്കും അവരുടെ വീട്ടുകാർക്കും ഒരാശങ്കയും ഇല്ലാതെ തന്നെ രാത്രികളിൽ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സാഹചര്യം ഇവിടെ വേണ്ടതായിട്ടുണ്ട് എന്നാണ് പലരും കമന്റ് നൽകിയത്.