രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി, അത് കഴിഞ്ഞാല്‍ രാത്രി ബൈക്ക് ടാക്സി ഓടിക്കും, പിഎച്ച്ഡി പഠനം, പാചകം, വീഡിയോ എഡിറ്റിംഗ്. ഇങ്ങനെ എല്ലാം ഒരുമിച്ച് ചെയ്ത് ആളുകളെ അമ്പരപ്പിക്കുകയാണ് ഈ യുവാവ്.
ഒന്നിനും സമയം തികയുന്നില്ലെന്ന് പരാതി പറയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ, ഒന്ന് മനസു വച്ചാൽ എല്ലാത്തിനും സമയം തികയുമെന്ന് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. സ്ഥിരമായ ഒരു 9 to 5 ജോലി, രാത്രികളിൽ ബൈക്ക് ടാക്സി ഡ്രൈവർ, ഒപ്പം പിഎച്ച്ഡി പഠനം, പാചകം, വീഡിയോ എഡിറ്റിംഗ്... ഇതൊക്കെയും ചെയ്യുന്ന യുവാവാണ് ആളുകളെ അമ്പരപ്പിക്കുന്നത്. ദീപക് പാണ്ഡേ എന്ന യുവാവാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
'പകൽ 9 മുതൽ 5 വരെയുള്ള ജോലി കഴിഞ്ഞാൽ തനിക്ക് ഒന്നിനും ഒട്ടും എനർജിയില്ലെന്ന് കരുതി, ജീവിതത്തിൽ ഒട്ടും സന്തോഷമില്ലാതെ കഴിഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു. എന്നാൽ ഇന്ന് അതേ വ്യക്തി തന്നെയാണ് 9-5 ജോലിക്ക് ശേഷം വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ ബൈക്ക് ടാക്സി ഓടിക്കുന്നത്, സ്വന്തമായി പാചകം ചെയ്യുന്നതും വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതും ഒപ്പം പിഎച്ച്ഡി പഠനം മുന്നോട്ട് കൊണ്ടുപോകുന്നതും. ഇത്രയൊക്കെ ചെയ്തിട്ടും അവൻ ഇന്ന് ഏറെ സന്തോഷവാനാണ്. ആ സന്തോഷവാനായ വ്യക്തി മറ്റാരുമല്ല, ഞാൻ തന്നെയാണ്' എന്നാണ് പാണ്ഡേ പറയുന്നത്.
'എന്തുകൊണ്ടാണ് ഞാൻ ഇപ്പോൾ സന്തോഷവാനായിരിക്കുന്നത് എന്ന് അറിയാമോ? എന്റെ ജീവിതത്തിൽ ആദ്യമായി, എനിക്ക് എത്രത്തോളം കഴിവുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. 'നാട്ടുകാർ എന്ത് പറയും?', 'എനിക്ക് ഇത് ചെയ്യാൻ കഴിയില്ല', അല്ലെങ്കിൽ 'പുതിയതായി എന്തെങ്കിലും ചെയ്യണമെങ്കിൽ ജോലി ഉപേക്ഷിക്കേണ്ടി വരും' തുടങ്ങിയ പേടി കാരണം സ്വന്തം കഴിവുകൾ ഞാൻ ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ, ഞാൻ പതുക്കെ മാറിത്തുടങ്ങി. ആദ്യം പിഎച്ച്ഡിക്ക് ചേർന്നു, അതിനുശേഷം ബൈക്ക് ടാക്സി ഓടിക്കാൻ തുടങ്ങി, പിന്നീട് കണ്ടന്റ് ക്രിയേഷനിലേക്കും കടന്നു. ഇന്ന് എനിക്ക് ഇതെല്ലാം ഒന്നിച്ച് മാനേജ് ചെയ്യാൻ കഴിയുന്നുണ്ട്' എന്നാണ് പാണ്ഡേ കുറിച്ചിരിക്കുന്നത്.
ഒപ്പം എന്തെങ്കിലും പാഷനുണ്ടെങ്കിൽ അതിന്റെ പിന്നാലെ ഇപ്പോൾ തന്നെ പോയ്ക്കോളൂ, നിലവിലുള്ള ജോലി ഉപേക്ഷിക്കാൻ കാത്തുനിൽക്കണ്ട, കഷ്ടപ്പാടും പ്രതിസന്ധിയും ഉണ്ടാകും എന്നാൽ സ്വന്തം കഴിവ് നിങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നതോടെ പതുക്കെ നിങ്ങൾ ആ കഠിനാധ്വാനം ആസ്വദിക്കാൻ തുടങ്ങും എന്നും പാണ്ഡേ പറയുന്നു. മിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. നിങ്ങൾ ശരിക്കും ഒരു പ്രചോദനമാണ് എന്നാണ് പലരും പറഞ്ഞത്.
