പിടിയിലായത് ഒരു ഭീമൻ മത്സ്യമാണ് എന്ന് മനസിലായപ്പോഴാണ് സിഡ്നി വീഡിയോ എടുത്ത് തുടങ്ങിയത്. "നദിയിൽ ഏകദേശം 25 മിനിറ്റ് ഞാൻ അവനോട് യുദ്ധം ചെയ്തു, തുടർന്ന് ഞങ്ങൾ മത്സ്യത്തെ കീഴടക്കി" റൂസ് പറഞ്ഞു.
കാനഡയിലെ ആൽബെർട്ട(Canada's Alberta)യിൽ കയാക്കിംഗിനും മീൻപിടുത്തത്തിനും പോയതാണ് ഈ യുവാവ്. എന്നാൽ, നദിയിൽ അയാൾ കണ്ട കാഴ്ച ഒട്ടും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല. ബ്രെഡൻ റൂസ്(Braeden Rouse) എന്ന യുവാവിന്റെ പിടിയിലായത് 159 കിലോഗ്രാം ഭാരമുള്ള 8 അടി 6 ഇഞ്ച് നീളമുള്ള ഒരു കടൽക്കൂരിയാണ്. 'ലിവിംഗ് ദിനോസർ'(living dinosaur) എന്നും കടൽക്കൂരി വിളിക്കപ്പെടുന്നു.
CTV ന്യൂസ് കാൽഗറി പറയുന്നതനുസരിച്ച്, വാരാന്ത്യത്തിലാണ് റൂസ് നദിയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്. എന്നാൽ, കൊളുത്തിയതോ ഭീമൻ കടൽക്കൂരിയും. റൂസ് അതിനെ കരയിലേക്ക് അടുപ്പിക്കുന്നത് വീഡിയോയിൽ കാണാം.
റൂസും കാമുകി സിഡ്‌നി കൊസെലെങ്കോയും മൂന്നുമണിക്കൂർ ഡ്രൈവിന് ശേഷമാണ് ഫ്രേസർ നദിയിലെ ഒരു മത്സ്യബന്ധന സ്ഥലത്തെത്തുന്നത്. ഒരു ഭീമൻ കടൽക്കൂരിയെ താൻ പിടിക്കുമെന്ന് അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ആ മീനിനെ കരയിലേക്ക് അടുപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏകദേശം അരമണിക്കൂറെടുത്തിട്ടാണ് അയാളതിനെ കരയിലേക്കടുപ്പിച്ചത്.
“അത് വലുതാണെന്ന് എനിക്കറിയാമായിരുന്നു. അത് വേഗത്തിൽ മനസിലാക്കാൻ കഴിയും. കാരണം നിങ്ങൾ വലിക്കാൻ തുടങ്ങുമ്പോൾ, അത് ചലിക്കില്ല, അത് ഇളകില്ല, പിന്നീടത് വേഗത്തിൽ ചലിക്കാൻ തുടങ്ങും. അതിനെ കയാക്കിൽ പിന്തുടരേണ്ടി വരും" എന്ന് റൂസ് വിശദീകരിച്ചു.
പിടിയിലായത് ഒരു ഭീമൻ മത്സ്യമാണ് എന്ന് മനസിലായപ്പോഴാണ് സിഡ്നി വീഡിയോ എടുത്ത് തുടങ്ങിയത്. "നദിയിൽ ഏകദേശം 25 മിനിറ്റ് ഞാൻ അവനോട് യുദ്ധം ചെയ്തു, തുടർന്ന് ഞങ്ങൾ മത്സ്യത്തെ കീഴടക്കി" റൂസ് പറഞ്ഞു. മത്സ്യത്തെ പിടികൂടിയശേഷം, റൂസും സിഡ്‌നിയും ചേർന്ന് അതിനെ കരയിലേക്ക് കൊണ്ടുപോയി. ശേഷം തിരികെ വെള്ളത്തിലേക്ക് തുറന്നുവിട്ടതായും റിപ്പോർട്ടുണ്ട്.
