ആ സമയത്ത് സാരിയോ കുർത്തയോ ആണ് ധരിച്ചിരുതെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു എന്ന് എനിക്ക് 10000% ഉറപ്പുണ്ട്' എന്നാണ് അവൾ പറയുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഓരോ ദിവസവുമെന്നോണം വർധിച്ചു വരികയാണ്. അത്തരത്തിലുള്ള അനവധി വാർത്തകൾ നാം കാണുന്നുണ്ടാകും. നോട്ടം കൊണ്ടും സ്പർശം കൊണ്ടും ഒക്കെ സ്ത്രീകളെ ഉപദ്രവിക്കുന്ന അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അടുത്തിടെ ഒരു ഇൻഫ്ലുവൻസറിനും അതുപോലെ ഒരു അനുഭവം ഉണ്ടായി. എന്നാൽ, ഇൻഫ്ലുവൻസറായ യുവതി അപ്പോൾ തന്നെ ഈ അതിക്രമത്തോട് പ്രതികരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ അവർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവച്ചത്.
മാൻസി മഞ്ജു സതീഷ് എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അവർ താമസിക്കുന്ന സൊസൈറ്റിയിൽ തന്നെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നിരിക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി തയ്യാറെടുക്കുന്ന മാൻസിയെയാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. ഒരു യുവാവ് ആ സമയത്ത് അതിലൂടെ കടന്നു പോകവെ അവളെ അനുചിതമായി സ്പർശിക്കുകയായിരുന്നു.
തുടർന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ഇയാൾ മുന്നോട്ട് പോവുകയും ചെയ്തു. എന്നാൽ, മാൻസി വളരെ പെട്ടെന്ന് തന്നെ ഇയാൾക്കെതിരെ പ്രതികരിക്കുകയായിരുന്നു. അവൾ അയാളുടെ കൈയിൽ പിടിച്ചു നിർത്തുന്നതാണ് പിന്നെ കാണുന്നത്. അവൾ അയാളുടെ മുഖത്തടിക്കുന്നതാണ് പിന്നെ വീഡിയോയിൽ കാണുന്നത്.
മാൻസി തന്നെ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പിന്നീട് വൈറലായി മാറുകയായിരുന്നു. സംഭവത്തിൽ അപ്പോൾ തന്നെ പ്രതികരിച്ചതിന് സോഷ്യൽ മീഡിയാ യൂസർമാർ അവളെ അഭിനന്ദിച്ചു.
'ഞാൻ ഒരു സ്നാപ്പ് റെക്കോർഡ് ചെയ്യുകയായിരുന്നു, അതും എന്റെ സ്വന്തം ബിൽഡിംഗിൽ വച്ച്. വീഡിയോ പ്രൂഫുമായി ഞങ്ങൾ അയാളുടെ വീട്ടിൽ ചെന്നു. അപ്പോൾ അയാളുടെ കുടുംബം പറഞ്ഞത് അയാളുടെ മാനസികാരോഗ്യം ശരിയല്ല. അദ്ദേഹത്തിന്റെ മനസ്സിന് എന്തോ പ്രശ്നമുണ്ട് എന്നാണ്. അപ്പോൾ അയാൾക്ക് എന്തും ചെയ്യാം എന്നാണോ അതിന്റെ അർത്ഥം? ഏത് കോണിൽ നിന്ന് നോക്കിയാലാണ് അയാൾ ഒരു മാനസിക രോഗിയെപ്പോലെ കാണപ്പെടുന്നത്?' എന്നാണ് മാൻസി ചോദിക്കുന്നത്.
ഒപ്പം തന്റെ വസ്ത്രധാരണത്തെ കുറിച്ചും അവൾ പറയുന്നുണ്ട്. 'വസ്ത്രങ്ങൾ നോക്കി ആളുകൾ മറ്റുള്ളവരെ വിലയിരുത്താറുണ്ട്. പക്ഷേ, ഞാൻ മാന്യമായിട്ട് തന്നെ വസ്ത്രം ധരിച്ചിരുന്നു. എന്നിട്ടും ഇത് സംഭവിച്ചു. ഇത് ശരിയാണോ? ഇത്തരക്കാരെ ഓർത്ത് ലജ്ജിക്കുന്നു. വസ്ത്രധാരണം നോക്കി വിധിക്കുന്ന ഒരു സമൂഹത്തെ ഓർത്ത് ലജ്ജിക്കുന്നു. ആ സമയത്ത് സാരിയോ കുർത്തയോ ആണ് ധരിച്ചിരുതെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു എന്ന് എനിക്ക് 10000% ഉറപ്പുണ്ട്' എന്നാണ് അവൾ പറയുന്നത്.
നിരവധിപ്പേരാണ് മാൻസിയോട് യോജിച്ചുകൊണ്ട് കമന്റിട്ടത്. ഒപ്പം കൃത്യസമയത്ത് പ്രതികരിച്ചതിന് പലരും അവളെ അഭിനന്ദിച്ചു.
