ലഖ്‌നൗവിൽ ഒരാൾ സ്കൂട്ടറോടിച്ച് നായയെ നടത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. 'ഇത് ലഖ്നൗവിൽ മാത്രം കാണാനാവുന്ന കാഴ്ചയാണ്' എന്ന് നെറ്റിസണ്‍സ്.
നായകളുള്ളവർക്ക് മിക്കവാറും അവയെയും കൊണ്ട് രാവിലെയോ വൈകുന്നേരമോ ഒക്കെ നടക്കുന്നത് ഇഷ്ടമാണ്. നായകൾക്കും ഉറപ്പായും അങ്ങനെ ഒരു നടപ്പ് ആവശ്യവുമാണ്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട നായകളുമായി ലോങ് വാക്കുകൾക്ക് തന്നെ പോവാറുണ്ട്. എന്നാൽ, നടക്കാൻ മടിയുള്ള ചിലരാവട്ടെ നമ്മുടെ വീടിന്റെ ചുറ്റുവട്ടത്ത് തന്നെ അവയുമായി കറങ്ങാറാണ് പതിവ്. എന്നാൽ, അതിനെയെല്ലാം വെല്ലുന്ന ഒരു വഴി കണ്ടെത്തിയിരിക്കയാണ് ഈ മനുഷ്യൻ. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്നത് ഒരാൾ സ്കൂട്ടർ പതിയെ ഓടിച്ചുകൊണ്ടുപോകുന്നതാണ്. അതിനൊപ്പം ഇയാളുടെ നായയെ നടത്തുന്നുമുണ്ട്.
ലഖ്‌നൗവിൽ നിന്നുള്ള ആളുകളെയാണ് ഈ വീഡിയോ ദൃശ്യം ഏറ്റവും കൂടുതൽ ആകർഷിച്ചത്. 'നായയെ നടക്കാൻ കൊണ്ടുപോകുന്നതു പോലെയുള്ള വളരെ സാധാരണമായ ഒരു കാര്യത്തെപ്പോലും ഇത്രയേറെ ശാന്തവും സ്റ്റൈലിഷുമാക്കാൻ നവാബുമാരുടെ നഗരമായ ലഖ്‌നൗവിന് മാത്രമേ സാധിക്കൂ' എന്നാണ് പലരും തമാശയായി കുറിച്ചത്.
@adhyayan_pandey_jii എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ലഖ്നൗവിൽ നിന്നും ഒരു മനോഹരമായ കാഴ്ച' എന്നാണ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്. 'അങ്കിൾസ് ഇപ്പോൾ അവരുടെ നായയെ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇത് ലഖ്നൗവിൽ മാത്രം കാണാനാവുന്ന കാഴ്ചയാണ്' എന്ന് ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നു. 'നവാബി പ്രോ മാക്സ്' എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം തന്നെ ഹെൽമെറ്റ് പോലും ഇല്ലാതെ ഫുട്പാത്തിലൂടെ ഒരു കൈവച്ചാണ് ഇയാൾ വണ്ടി ഓടിക്കുന്നത്, ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് എന്ന് അഭിപ്രായപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉണ്ട്.
