അയാളുടെ സംഭാഷണമാണ് ആരേയും ആകർഷിക്കുന്നത്. ഹിന്ദിയിലാണ് ആളുടെ സംസാരം. അതും ശരിക്കും ഒരു ഇന്ത്യക്കാരനെ പോലെ തന്നെ മനോഹരമായിട്ടാണ് ഇയാൾ ഹിന്ദി സംസാരിക്കുന്നത്.
വളരെ മനോഹരമായതും രസകരമായതുമൊക്കെയായ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലണ്ടനിലെ തെരുവിൽ ഇളന്നീര്‍ വിൽക്കുന്ന ഒരു യുവാവിന്റേതാണ് വീഡിയോ.
ഈ യുവാവ് ഇന്ത്യക്കാരനല്ല. എന്നാൽ, ഇയാൾക്ക് എത്രയും പെട്ടെന്ന് ആധാർ കാർഡ് നൽകണം എന്നും ഇയാളെ ഇന്ത്യക്കാരനായി അംഗീകരിക്കണം എന്നുമാണ് വീഡിയോ കാണുന്നവർ പറയുന്നത്. കാരണം, ശരിക്കും ഇന്ത്യക്കാരന്റേത് പോലെ തന്നെയാണ് ഇയാളുടെ പെരുമാറ്റവും സംസാരവും.
ഒരു വാഹനത്തിന്റെ പിൻഭാഗം തുറന്ന് വച്ച് അതിലാണ് യുവാവ് ഇളന്നീർ കൊണ്ടുവന്നിരിക്കുന്നത്. അവിടെ വച്ച് തന്നെ അത് വെട്ടി അതിൽ സ്ട്രോയും ഇട്ട് നൽകുന്നതും കാണാം. എന്നാൽ, അയാളുടെ സംഭാഷണമാണ് ആരേയും ആകർഷിക്കുന്നത്. ഹിന്ദിയിലാണ് ആളുടെ സംസാരം. അതും ശരിക്കും ഒരു ഇന്ത്യക്കാരനെ പോലെ തന്നെ മനോഹരമായിട്ടാണ് ഇയാൾ ഹിന്ദി സംസാരിക്കുന്നത്.
ഷെയർ ചെയ്തതിന് പിന്നാലെ വീഡിയോ 1.1 മില്ല്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. 44,000 -ത്തിലധികം ലൈക്കുകളും വീഡിയോ നേടിയിട്ടുണ്ട്. ബ്രിട്ടീഷുകാർ പോലും ഇപ്പോൾ ഹിന്ദി പഠിക്കുകയാണ് എന്നും വീഡിയോ കണ്ടതിന് പിന്നാലെ ആളുകൾ അഭിപ്രായപ്പെട്ടു.
ഹിന്ദിയിൽ 'ലേലോ' എന്നാണ് യുവാവ് ആളുകളോട് പറയുന്നത്. എടുക്കൂ എന്നർത്ഥം. അതും പോരാതെ, 'നാരിയേൽ പാനി പീ ലോ' (തേങ്ങാവെള്ളം കുടിക്കൂ) എന്നും പറയുന്നുണ്ട്. 'ജൽദി ജൽദി' (വേഗം വേഗം) എന്നും യുവാവ് പറയുന്നത് കേൾക്കാം.
എന്തായാലും, ഈ വീഡിയോ ഏറ്റവും അധികം ആകർഷിച്ചിരിക്കുന്നതും ഇന്ത്യക്കാരെയാണ്. അനേകങ്ങളാണ് യുവാവിന്റെ ഹിന്ദി സംസാരത്തെ അഭിനന്ദിച്ചുകൊണ്ട് രസകരമായ കമന്റുകൾ നല്‌കിയിരിക്കുന്നത്.


