33-ാം പിറന്നാളിന് റീൽ ചിത്രീകരിക്കാനായി റോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്. മുംബൈയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ വന്‍ വിമര്‍ശനം.
റീലുകൾ വൈറലാക്കാൻ വേണ്ടി എന്തും ചെയ്യുന്ന പല ആളുകളുമുണ്ട്. അതിനിടയിൽ മറ്റുള്ളവരുടെ സുരക്ഷയോ, അവനവന്റെ തന്നെ സുരക്ഷയോ അവഗണിക്കുന്നവരും ഏറെയുണ്ട്. ജീവന് തന്നെ അപകടമാകുന്ന പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന അനേകം റീലുകൾ നാം കണ്ടിട്ടുണ്ടാവും. ഏതായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വലിയ വിമർശനത്തിന് കാരണമായിരിക്കുന്നത്. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. 33 -കാരനായ ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ തന്റെ 33 -ാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു. അതിനായി റോഡിൽ 33 എന്ന ആകൃതിയിൽ പെട്രോൾ ഒഴിക്കുകയും പിന്നാലെ തീയിടുകയും ആയിരുന്നു.
'മുംബൈയിലെ ഗോരേഗാവ് വെസ്റ്റിൽ പിറന്നാൾ റീൽസ് ചിത്രീകരിക്കാനായി ജോഗേശ്വരി സ്വദേശിയായ കാർ ഡീലർ റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. സൺടെക് സിറ്റി ഫോർത്ത് അവന്യൂവിന് മുന്നിലെ എം.എം.ആർ.ഡി.എ റോഡിലാണ് ഈ അപകടകരമായ പ്രവർത്തി നടന്നത്. തീപിടുത്തത്തിൽ റോഡിന്റെ നാല് ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു' എന്നാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ യുവാവ് ഒരു കാറിന്റെ അടുത്തായി നിൽക്കുന്നത് കാണാം. പിന്നാലെ കയ്യിലിരുന്ന കത്തിച്ച തീപ്പെട്ടിക്കൊള്ളി പെട്രോളൊഴിച്ചതിലേക്കിടുന്നതും കാണാം. കുറച്ച് കഴിഞ്ഞ് അയാൾ അവിടെ നിന്നും നടന്ന് നീങ്ങുകയും കാറെടുത്ത് പോവുകയും ചെയ്തു. അപ്പോഴും റോഡിൽ തീയുണ്ടെന്ന് കാണാം. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു. അതേസമയം, വീഡിയോ വൈറലായി മാറിയതോടെ ഇയാളെ വിമർശിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തിയത്. യുവാവിനെതിരെ കർശനമായ നടപടി തന്നെ സ്വീകരിക്കണം എന്ന് അനേകം പേരാണ് കുറിച്ചിരിക്കുന്നത്.
