ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകാൻ വേണ്ടിയാണ് ഫോൺ വാങ്ങുന്നതെന്നും, ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുയോയുടെ വരവിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകളുടെ വിൽപ്പന തുടക്കത്തിൽ തന്നെ വൻ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടയിൽ, ഭാര്യയ്ക്ക് ഐഫോൺ വാങ്ങാൻ തലമുറകളായി കൈമാറിവന്ന കുടുംബസ്വത്തായ സ്വർണം വിറ്റു എന്ന് പറഞ്ഞ് രംഗത്തെത്തിയ ഒരു ഡെൽഹി സ്വദേശിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ഈ വീഡിയോ എക്സ് (ട്വിറ്റർ) ൽ പങ്കുവെച്ചത്. 'ചിലർ വീട് വാങ്ങാൻ സ്വർണം വിൽക്കുന്നു, മറ്റുചിലർ കുട്ടികളുടെ ഭാവിക്കായി വിൽക്കുന്നു. എന്നാൽ, ഈ ഡെൽഹി സ്വദേശി തന്റെ ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ മാക്സ് വാങ്ങി നൽകാനായി മുത്തശ്ശിയുടെയും അവരുടെ അമ്മയുടെയും കാലം മുതൽ കൈമാറിവന്ന സ്വർണമാണ് വിറ്റത്' എന്നാണ് ഹർഷ് ഗോയങ്ക കുറിച്ചത്. തനിക്ക് പൂർവ്വികരിൽ നിന്ന് ധാരാളം സ്വർണം ലഭിച്ചിട്ടുണ്ടെന്നും അതിൽ അൽപ്പം വിറ്റാണ് പുതിയ ആപ്പിൾ ഫോൺ വാങ്ങിയതെന്നും വീഡിയോയിൽ യുവാവ് അവകാശപ്പെടുന്നതായി കാണാം.

ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകാൻ വേണ്ടിയാണ് ഫോൺ വാങ്ങുന്നതെന്നും, ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യുയോയുടെ വരവിനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. സ്വന്തം സ്വർണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാൾക്കില്ലേ എന്ന് ചിലർ ചോദിക്കുമ്പോൾ, മറ്റുചിലർ ഇതിനെ രൂക്ഷമായി വിമർശിച്ചു. 'ഭാവി തലമുറകൾക്കും ഇതുപോലെ ചെയ്യാൻ ഇയാൾ വീണ്ടും സ്വർണം ഉണ്ടാക്കുമെന്ന് കരുതുന്നു' എന്നാണ് ഒരാൾ പരിഹസിച്ചത്. വിപണിയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, ഐഫോൺ 18 പ്രോ മാക്സിന് 1,79,900 രൂപയുമാണ് വില വരുന്നത്.