പെട്ടെന്ന് മുന്നിൽ നിൽക്കുന്ന സഹോദരനെ കണ്ടയുടൻ ജീവനക്കാരനായ ആ ക്യാബിൻ ക്രൂവിന്റെ മുഖഭാവം ആകെ മാറുകയും സന്തോഷം കൊണ്ട് അമ്പരന്നുപോവുകയും ചെയ്തു.

ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന സർപ്രൈസുകൾ പലപ്പോഴും സോഷ്യൽ മീഡിയയിലെ കുതുകക്കാഴ്ചകളാണ്. അതുപോലെ, മനോഹരമായൊരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ മനം കവരുന്നത്. എമിറേറ്റ്സ് എയർലൈൻസിലെ ക്യാബിൻ ക്രൂവായ തന്റെ സഹോദരന് വിമാനത്തിൽ വെച്ച് അപ്രതീക്ഷിതമായി സർപ്രൈസ് നൽകുന്ന സഹോദരനാണ് വീഡിയോയുടെ ഹൈലൈറ്റ്. അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സിഇഒ ആയ ഖലീഫ റഖീം ആണ് തന്റെ സഹോദരന് സർപ്രൈസ് നൽകി ഞെട്ടിച്ചത്.

തന്റെ സഹോദരൻ ജോലിയുടെ ഭാഗമായി അതേ ഫ്ലൈറ്റിൽ ഉണ്ടെന്ന കാര്യം താൻ യാത്രാവേളയിൽ മാത്രമാണ് അറിഞ്ഞതെന്നും എന്നാൽ താൻ ആ വിമാനത്തിലുണ്ടെന്ന് സഹോദരന് യാതൊരു വിവരവുമില്ലായിരുന്നുവെന്നും റഖീം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വിമാനത്തിൽ കയറി സഹോദരനെ തിരഞ്ഞു നടക്കുന്നതും, ഒടുവിൽ ജോലിക്കിടയിൽ യുവാവിനെ കണ്ടെത്തുന്നതും വീഡിയോയിൽ കാണാം.

പെട്ടെന്ന് മുന്നിൽ നിൽക്കുന്ന സഹോദരനെ കണ്ടയുടൻ ജീവനക്കാരനായ ആ ക്യാബിൻ ക്രൂവിന്റെ മുഖഭാവം ആകെ മാറുകയും സന്തോഷം കൊണ്ട് അമ്പരന്നുപോവുകയും ചെയ്തു. തുടർന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുകയും ഒപ്പമുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. 'പ്രൈസ്‍ലെസ് റിയാക്ഷൻ' എന്ന ക്യാപ്ഷനോടെയാണ് റഖീം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

View post on Instagram

വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ ഈ ദൃശ്യത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വളരെ ഹൃദ്യമായ വീഡിയോ, യുവാവ് ശരിക്കും ഞെട്ടിപ്പോയി, ഈ വീഡിയോ ഇന്നത്തെ എന്റെ ദിവസം മനോഹരമാക്കി എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ. ഇത്തരത്തിലുള്ള സർപ്രൈസ് വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.