രാവിലെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ നൃത്തം ചെയ്യുന്നൊരു മയില്‍. അതിമനോഹരമായ വീഡിയോ ഷെയര്‍ ചെയ്ത് യുവാവ്. ഇങ്ങനെയൊരു കാഴ്ച കാണാന്‍ ഭാഗ്യം വേണമെന്ന് നെറ്റിസണ്‍സ്.
നമ്മൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ഒരു മയിൽ വന്ന് നമ്മുടെ മുന്നിൽ നൃത്തം ചെയ്യുന്നു. എന്തൊരു മനോഹരമായ കാഴ്ചയായിരിക്കുമത് അല്ലേ? സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നുപോലും തിരിച്ചറിയാനാകില്ല. അത്തരം ഒരു കാഴ്ച കാണാനായില്ലെങ്കിലും അതിന്റെ ഒരു വീഡിയോ നമുക്കും ഇപ്പോൾ കാണാം. രാജസ്ഥാനിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ടെറസിൽ കിടന്നുറങ്ങുന്ന ഒരാൾക്ക് മുന്നിൽ മയിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. തന്റെ വീടിന്റെ ടെറസിലെ കട്ടിലിൽ കിടന്ന് പ്രഭാതം ആസ്വദിക്കുന്ന ഒരു മനുഷ്യനെ വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ, ഒരു മയിൽ പീലി വിടർത്തി അദ്ദേഹത്തിന് മുന്നിൽ മനോഹരമായി നൃത്തം ചെയ്യുന്നതും കാണാം.
അഭിജീത് ചൗധരി എന്ന യുവാവാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'രാജസ്ഥാനിലെ എന്റെ ജന്മനാട്ടിലെ 100/10 പ്രഭാത കാഴ്ചകൾ' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നത്. 'ദിൽ മാംഗേ മോർ' എന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം ഗ്രാമീണ കാഴ്ചകൾ കണ്ടുണരാൻ ഭാഗ്യം വേണമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. 'എല്ലാവരും സ്വപ്നം കാണുന്ന തരത്തിലുള്ള പ്രഭാതമാണിത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'രാജസ്ഥാനിലെ പ്രഭാതങ്ങൾക്ക് തികച്ചും വ്യത്യസ്തമായ ഒരു മാന്ത്രികതയുണ്ട്' എന്നായിരുന്നു മറ്റൊരു കമന്റ്. 'പ്രകൃതി നൽകുന്ന ഏറ്റവും മികച്ചൊരു വേക്ക്-അപ്പ് കോൾ' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 'ഏത് അലാറം ക്ലോക്കിനേക്കാളും മനോഹരമാണിത്' എന്നായിരുന്നു മറ്റൊരു പ്രതികരണം. അതുപോലെ പലരും തങ്ങൾ ജനിച്ചുവളർന്ന നാടും വീടും ഓർമ്മിക്കുന്നു എന്നും ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. പലരേയും നൊസ്റ്റാൾജിയയിലേക്ക് കൊണ്ടുപോകാനും ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്.
