വളരെ ചെറിയ 2BHK ഫ്ലാറ്റുകൾക്ക് പോലും നിലവിൽ 75 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് വില. ബാങ്ക് ലോൺ ലഭിക്കുന്നതിന് മുമ്പ് മാത്രം 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കൈയിൽ കരുതേണ്ടി വരും.
സാധാരണക്കാർക്ക് ഒരു വീട് വയ്ക്കുക എന്നത് എവിടെയായാലും ഇന്ന് വലിയ ചിലവു കൂടിയ സംഗതിയാണ്. അപ്പോൾ പിന്നെ വലിയ വലിയ നഗരങ്ങളുടെ കാര്യം പറയണോ, വീടു വാങ്ങണമെങ്കിൽ നട്ടം തിരിയും. അതുപോലെ, ദില്ലി എൻസിആർ മേഖലയിലെ നോയിഡയിൽ സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് ശമ്പളക്കാരായ സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്തതായിരിക്കയാണ്. ഗ്രേറ്റർ നോയിഡ വെസ്റ്റിൽ വളരെ ചെറിയൊരു 2BHK ഫ്ലാറ്റ് വാങ്ങാൻ പോലും ലക്ഷങ്ങൾ വേണമെന്ന് വ്യക്തമാക്കുന്ന ഒരു ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
കണ്ടന്റ് ക്രിയേറ്ററായ ഋഷി ശാന്ദില്യയാണ് നോയിഡയിലെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ചെറിയ 2BHK ഫ്ലാറ്റുകൾക്ക് പോലും നിലവിൽ 75 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് വില. ബാങ്ക് ലോൺ ലഭിക്കുന്നതിന് മുമ്പ് മാത്രം 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കൈയിൽ കരുതേണ്ടി വരും. 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ ഹോം ലോൺ ലഭിക്കണമെങ്കിൽ അപേക്ഷകന് പ്രതിമാസം കുറഞ്ഞത് 1 ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെ ശമ്പളം വേണം. ലോൺ തുക തിരിച്ചടയ്ക്കാൻ മാസം 60,000 മുതൽ 65,000 രൂപ വരെയാണ് ഇഎംഐ ആയി നൽകേണ്ടി വരിക.
വളരെ ചെറിയ ഫ്ലാറ്റുകൾക്ക് പോലും 80 ലക്ഷത്തോളം രൂപ നൽകേണ്ടി വരുന്നത് ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണെന്ന് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. നോയിഡയിലും സമീപ പ്രദേശങ്ങളിലും ഇങ്ങനെ വില കുതിച്ചുയരുന്നതിൽ ആശങ്ക പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
