ആഗ്രയിലെ അഭിഭാഷകനായ സുനിൽ കുമാർ സിംഗ്, കാണാതായ തങ്ങളുടെ വളർത്തു തത്തയായ മൗവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നഗരത്തിലുടനീളം കൂറ്റൻ ബിൽബോർഡുകൾ സ്ഥാപിച്ചാണ് കുടുംബം തങ്ങളുടെ പ്രിയപ്പെട്ട തത്തയ്ക്കായി തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസം ആഗ്രാ നഗര മധ്യത്തിൽ ഉയർന്ന കൂറ്റൻ ബിൽ ബോർഡ് സമൂഹ മാധ്യമമങ്ങളിൽ വൈറലായി. തങ്ങളുടെ പ്രീയപ്പെട്ട തത്തയെ കാണാനില്ലെന്നും കണ്ടെത്തി സുരക്ഷിതമായി എത്തിച്ച് തരുന്നവർക്ക് 50,000 രൂപ റിവാർഡ് പ്രഖ്യാപിച്ച ബിൽ ബോർഡായിരുന്നു അത്.
ആഗ്ര നഗരത്തിൽ ഉയർന്ന കൂറ്റൻ ബിൽ ബോർഡ്
ആഗ്രയിലെ ഇൻകം ടാക്സ് അഭിഭാഷകനായ സുനിൽ കുമാർ സിംഗാണ് തങ്ങളുടെ പ്രീയപ്പെട്ട വളർത്ത് തത്തയെ കണ്ടെത്തി തരുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നഗര മധ്യത്തിൽ പടുകൂറ്റൻ ബിൽ ബോർഡ് വച്ചത്. ആഗ്രാ നഗരത്തിലെ ബോഡ്‌ല ചൗരാഹയിലും നഗരത്തിലെ മറ്റ് ചില സ്ഥലങ്ങളിലും അദ്ദേഹം തത്തയെ കണ്ടെത്തിത്തരുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. ബിൽ ബോർഡിൽ മൗവിന്‍റെ പടുകൂറ്റൻ ഫോട്ടോയും പ്രിന്‍റ് ചെയ്തിട്ടുണ്ട്. നഗരത്തിലെമ്പാടും ബിൽ ബോർഡുകൾ ഉയർന്നതോടെ നഗരവാസികൾ അതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചു.
പരിക്കേറ്റ് വീണ മൗ
2025 മാർച്ച് 15 -നാണ് സുനിൽ കുമാർ സിംഗിന്‍റെ കുടുംബത്തിന് മൗവിനെ ലഭിക്കുന്നത്. മാനസീകാരോഗ്യ കേന്ദ്രത്തിന് സമീപത്ത് റോഡിൽ പരിക്കേറ്റ് കിടക്കുന്ന നിലയിലായിരുന്നു മൗവിനെ ആദ്യം കണ്ടെത്തിയത്. സമീപത്തെ മരത്തിൽ നിന്നും താഴെ വീണ് ചിറക് ഉയർത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു തത്ത. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് മൗവിന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞത്. സുനിലിന്‍റെ വീട്ടിലായിരുന്നു പിന്നീട് മൗവിന്‍റെ താമസം. ഇതോടെ കുടുംബവും മൗവും തമ്മിൽ ഒരു വൈകാരിക ബന്ധം ഉടലെടുത്തു.
ഒരു കുടുംബം പോലെ
മൗവിനെ ഒരിക്കൽ പോലും കൂട്ടിൽ ഇട്ടിരുന്നില്ലെന്ന് സുനിൽ പറയുന്നു. മൗ ഒരു വെറും തത്ത മാത്രമായിരുന്നില്ലെന്നും തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നെന്നും സുനിലിന്‍റെ ഭാര്യ മംമ്ദാ സിംഗ് പറയുന്നു. എല്ലാ ദിവസം രാവിലെ കുട്ടികളെ വിളിച്ചുണർത്തുന്നത് മുതൽ മൗവിന്‍റെ ദിവസം തുടങ്ങുകയാണ്. വീട്ടുകാരെയെല്ലാം അവൻ പേരെടുത്ത് വിളിക്കും. വീട്ടിലേക്കെത്തുന്ന സ്ഥിരം അതിഥികളുടെയും പേരുകളും അവന് ഹൃദിസ്ഥം. ജൂലൈ 13 -ാം തിയതി വൈകീട്ട് നാലരയോടെ സെക്ർ 4 ലെ അവാസ് വികാസ് കോളനിയിൽ നിന്നാണ് മൗവിനെ കാണാതാകുന്നത്. കുടുംബത്തിന്‍റെയും പ്രദേശവാസികളുടെയും അന്വേഷണത്തിൽ തത്തയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെയാണ് തത്തയെ കണ്ടെത്തി തരുന്നവർക്ക് 50,000 രൂപ സമ്മാനം പ്രഖ്യാപിച്ച് കൊണ്ട് ബിൽ ബോർഡുകൾ ഉയർന്നത്.


