മിസ് ഗ്രാൻഡ് തായ്‌ലൻഡ് 2026 വേദിയിൽ റാംപ് വോക്കിനിടെ മത്സരാർത്ഥിയുടെ കൃത്രിമ ദന്തനിര ഊരിപ്പോയി. എന്നാൽ ഒട്ടും പതറാതെ, ആത്മവിശ്വാസത്തോടെ ആ സാഹചര്യം നേരിട്ട കമോൾവാൻ ചനാഗോ കാണികളുടെ കയ്യടി നേടി. 

സൗന്ദര്യമത്സരങ്ങൾ എല്ലാം കൊണ്ടും പൂർണമായിരിക്കും എന്നാണ് സങ്കല്പം. അവിടെ സംഭവിക്കുന്ന ചെറിയൊരു പിഴവ് പോലും ചിലപ്പോൾ‌ മത്സരാർത്ഥിയുടെ കരിയറിനെ ബാധിച്ചേക്കാം. എന്നാൽ, മിസ് ഗ്രാൻഡ് തായ്‌ലൻഡ് 2026 വേദിയിൽ വെച്ചുണ്ടായ ഒരു അപ്രതീക്ഷിതമായ സംഭവമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. അവിടെ സംഭവിച്ച അപകടത്തെ വളരെ ശാന്തമായി നേരിട്ട കമോൾവാൻ ചനാഗോ എന്ന സുന്ദരി ഇപ്പോൾ വൈറലാണ്. മാർച്ച് 25 -ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം നടന്നത്. തിളങ്ങുന്ന ഗൗൺ അണിഞ്ഞ് റാംപ് വോക്ക് ചെയ്യുകയായിരുന്നു ചനാ​ഗോ. അതിനിടയിൽ സ്വയം പരിചയപ്പെടുത്തവെ ചനാഗോയുടെ കൃത്രിമ ദന്തനിര അപ്രതീക്ഷിതമായി ഊരിപ്പോവുകയായിരുന്നു.

ആരെയും പരിഭ്രമിപ്പിക്കുന്നതായിരുന്നു ഈ അബദ്ധം. എന്നാൽ, സദസ്യരെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചനാഗോ ഒട്ടും പരിഭ്രമിച്ചില്ല. ശാന്തതയോടെ കാണികളിൽ നിന്ന് മുഖം തിരിച്ചുനിന്ന് പല്ലുകൾ ശരിയാക്കി വെക്കുകയാണ് അവൾ ചെയ്തത്. മാത്രമല്ല, ഒരല്പം പോലും ആത്മവിശ്വാസം ചോരാതെ അവൾ തന്റെ വാക്കും പ്രസം​ഗവും പൂർത്തിയാക്കുകയും ചെയ്തു. ഒരു ചെറുപുഞ്ചിരിയോടെയാണ് അവർ ആ സാഹചര്യം മൊത്തം കൈകാര്യം ചെയ്തത്. ഇത് കാണികളെ ആവേശം കൊള്ളിച്ചു. വലിയ കയ്യടികളോടെയാണ് അവരെ ആളുകൾ പ്രോത്സാഹിപ്പിച്ചത്.

Scroll to load tweet…

ഈ സംഭവത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായി മാറിയത്. ചിലർ വിമർശനങ്ങളുമായി രംഗത്തെത്തിയെങ്കിലും, ഭൂരിഭാഗം ആളുകളും ചനാഗോയെ പ്രശംസിക്കുകയായിരുന്നു. 'സൗന്ദര്യത്തേക്കാൾ വലുത് ആത്മവിശ്വാസമാണ്' എന്നാണ് പലരും കുറിച്ചത്. അതേസമയം, മിസ് ഗ്രാൻഡ് തായ്‌ലൻഡ് 2026 -ന്റെ ഫൈനൽ മാർച്ച് 28 -നാണ് നടക്കുന്നത്. ഇതിൽ വിജയിക്കുന്നവർ ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന 'മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2026' മത്സരത്തിൽ തായ്‌ലൻഡിനെ പ്രതിനിധീകരിക്കും.