വെനിസ്വേലയെ തകര്‍ത്തുകളഞ്ഞ ഇരട്ട ഭൂചലനത്തിന്റെ ദുരന്തഭൂമിയില്‍ നിന്നും പ്രത്യാശയുടെയും അത്ഭുതത്തിന്റെയും വാര്‍ത്ത.
കാരാക്കസ്: വെനിസ്വേലയെ തകര്‍ത്തുകളഞ്ഞ ഇരട്ട ഭൂചലനത്തിന്റെ ദുരന്തഭൂമിയില്‍ നിന്നും പ്രത്യാശയുടെയും അത്ഭുതത്തിന്റെയും വാര്‍ത്ത. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാ ഗൈ്വറയില്‍ തകര്‍ന്നുവീണ എട്ടുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയും അമ്മയെയും രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. 30 മണിക്കൂറിലധികം കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് ദയാന പാറ്റിനോ മകന്‍ ജുവാന്‍ ഡേവിഡ് ട്രുജിലോ എന്നിവരെ രക്ഷപ്പെടുത്തിയത്.
തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്നും കുഞ്ഞിന്റെ കരച്ചിലും അമ്മയുടെ ശബ്ദവും കേട്ട സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളുമാണ് ആദ്യം ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങളോ മറ്റ് വലിയ സൗകര്യങ്ങളോ ഇല്ലാതെ ബക്കറ്റുകളും കൈകളും ഉപയോഗിച്ച് ഇവര്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആദ്യം കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് പിതാവിന്റെ കൈകളിലേക്ക് ഏല്‍പ്പിച്ചു. അതു കഴിഞ്ഞ്, ഒന്നര മണിക്കൂറിന് ശേഷമാണ് അമ്മയെ പുറത്തെടുക്കാനായത്.
'നീ ഒരു കരുത്തുറ്റ സ്ത്രീയാണ്'- എന്ന് രക്ഷാപ്രവര്‍ത്തകര്‍ ദയാനയെ അഭിനന്ദിക്കുന്നതിന്റെയും, കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിതാവ് കരയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

മണിക്കൂറുകളോളം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് അമ്മ കാത്തത്. അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും കുഞ്ഞിന് പരിക്കേല്‍ക്കാതെ നോക്കാന്‍ അമ്മയ്ക്കായി. അമ്മയും കുഞ്ഞും തലസ്ഥാനമായ കാരാക്കസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ ഒടിവുകളോ മറ്റ് ഗുരുതര പരിക്കുകളോ ഇല്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മറ്റൊരു സംഭവത്തില്‍, ലാ ഗൈ്വറയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റൊരു പിഞ്ചുകുഞ്ഞിനെ അമേരിക്കന്‍ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
1450-ലധികം ആളുകള്‍ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത ഈ ദുരന്തത്തിനിടയിലും, ഇത്തരം അത്ഭുത രക്ഷപ്പെടലുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.


