56-ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടിയ അമ്മയെക്കുറിച്ച് മകൾ പങ്കുവെച്ച വൈകാരികമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നത്. 

56 -ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടിയ അമ്മയ്ക്ക് ആശംസകളുമായി മകൾ. ദുബായിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്ററായ നുമയ കാരു ആണ് തന്റെ അമ്മയുടെ ഈ നേട്ടത്തെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. പതിറ്റാണ്ടുകളായി കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയ ശേഷം, ഒടുവിൽ അമ്മ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് നുമയ കുറിച്ചു. 'ഈ സ്ത്രീ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവർക്ക് വേണ്ടിയാണ് മാറ്റിവെച്ചത്. അച്ഛന്റെ വേർപാടിന് ശേഷം, കഴിഞ്ഞ ഒമ്പത് വർഷമായി അവർ ഞങ്ങൾക്ക് അമ്മയും അച്ഛനുമായി ജീവിച്ചു. സ്വന്തം ദുഃഖം ഉള്ളിലൊതുക്കുമ്പോഴും, അത് ഞങ്ങളെ ബാധിക്കാതിരിക്കാൻ അവരെപ്പോഴും ശ്രദ്ധിച്ചിരുന്നു'. തന്റെ അമ്മ എപ്പോഴും ജോലി ചെയ്യുകയും കുട്ടികളെ വളർത്തുകയും ചെയ്തതിനൊപ്പം, വർഷങ്ങളായി അടഞ്ഞുകിടന്ന നാട്ടിലെ ഒരു സ്കൂൾ സർക്കാർ വീണ്ടും തുറന്നപ്പോൾ അവിടുത്തെ ആദ്യത്തെ പ്രിൻസിപ്പലായി ചുമതലയേറ്റുവെന്നും നുമയ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അച്ഛന്റെ വേർപാടിന് പിന്നാലെ, ഒരു വർഷത്തിനുള്ളിൽ തന്നെ സ്വന്തം മാതാപിതാക്കളെയും നഷ്ടപ്പെട്ടു. ആ സങ്കടത്തിനിടയിലാണ് അവർ ഒരു സ്കൂളും ഒരു കമ്മ്യൂണിറ്റിയും കുട്ടികൾക്കായി പുതിയ അവസരങ്ങളും കെട്ടിപ്പടുത്തത്' എന്ന് നുമയ പറയുന്നു. 'സ്ത്രീകൾക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു, അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്നേഹം പലപ്പോഴും നമ്മോട് അത് ആവശ്യപ്പെടുന്നതുകൊണ്ടാണ്' എന്നും നുമയ കുറിച്ചിരിക്കുന്നു.

'ഇന്ന്, 56-ാം വയസ്സിൽ, ഒടുവിൽ അവർക്ക് വേണ്ടി മാത്രം അവരൊരു കാര്യം ചെയ്തിരിക്കുന്നു. അവർ ബിരുദാനന്തര ബിരുദം സ്വന്തമാക്കി'യെന്നും പോസ്റ്റിൽ കാണാം. മറ്റൊരു രാജ്യത്തിരുന്നാണ് താൻ ഈ ബിരുദദാന ചടങ്ങ് കണ്ടത്. താൻ ഇന്നിവിടെയുണ്ടാക്കിയ ജീവിതം അവർ എപ്പോഴും ആഗ്രഹിച്ചതാണ്, പക്ഷേ ഇതുപോലെയുള്ള ദിവസങ്ങളിൽ അവരുടെ കൂടെ ഉണ്ടാകാൻ കഴിയാത്തതിന്റെ സങ്കടം തന്നെ അലട്ടുന്നുണ്ട് എന്നും അവൾ പറഞ്ഞു.

View post on Instagram

'ഞങ്ങൾക്ക് നിങ്ങളെ ഓർത്ത് അതിയായ അഭിമാനമുണ്ട് അമ്മേ. കരുത്തും ത്യാഗവും നിരുപാധികമായ സ്നേഹവും എന്താണെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. നിങ്ങളുടെ പകുതിയെങ്കിലുമാകാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ബിരുദം നിങ്ങളുടേതാണ്, ഇതിന് നിങ്ങളേക്കാൾ അർഹത മറ്റാർക്കുമില്ല' എന്നും അവൾ കുറിച്ചു. അമ്മയെ അഭിനന്ദിച്ചുകൊണ്ട് അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.