രണ്ടിൽ ഒരാൾ ഈ ചലഞ്ച് പൂർത്തിയാക്കാതെ, അതായത് 100 ദിവസം പൂർത്തിയാക്കാതെ ഇവിടെ നിന്നും പോയാൽ രണ്ടുപേർക്കും കാശ് കിട്ടില്ല.

മിസ്റ്റർ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്‍സൺ എന്ന യൂട്യൂബറെ പരിചയമില്ലാത്തവർ ഇന്ന് ചുരുക്കമാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെയാളാണ് മിസ്റ്റർ ബീസ്റ്റ്. വെറൈറ്റി ആയിട്ടുള്ള കണ്ടന്റുകളും പരീക്ഷണങ്ങളും സാഹസികതകളും ഒക്കെ തന്നെയാണ് ഈ യൂട്യൂബറുടെ പ്രത്യേകത. 

മിക്കവാറും മിസ്റ്റർ ബീസ്റ്റിന്റെ ചലഞ്ചുകളിലെല്ലാം അപരിചിതരായ ആളുകളേയും പങ്കാളികളാക്കാറുണ്ട്. അതും വെറുതെയല്ല വിജയിച്ച് കഴിഞ്ഞാൽ വലിയ തുക തന്നെ സമ്മാനമായും നൽകും. ഇത്തവണ അതുപോലെ അപരിചിതരായ രണ്ട് ആളുകളെയാണ് ബീസ്റ്റ് ചലഞ്ചിൽ പങ്കെടുപ്പിച്ചത്. ഇത്തവണ എത്രയാണ് എന്നോ സമ്മാനം? $500,000. അതായത് ഏകദേശം നാലുകോടിയിലധികം രൂപ വരും ഇത്. 

ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത് ബെയ്‍ലി എന്ന യുവാവും സൂസി എന്ന യുവതിയുമാണ്. ഇരുവരും തമ്മിൽ യാതൊരു പരിചയവും ഇല്ല. ഈ ചലഞ്ചിലേക്കായി ഇരുവരും സമർപ്പിക്കേണ്ടത് തങ്ങളുടെ 100 ദിവസമാണ്. അതും കുടുംബക്കാരൊന്നും ഇല്ലാതെ മുഴുവനായും വെള്ളനിറം നൽകിയിരിക്കുന്ന ഒരു മുറിയിലാണ് ഇവർ കഴിയേണ്ടത്. മാത്രമല്ല, ഇവർക്ക് ഫോണും ഉപയോ​ഗിക്കാൻ സാധിക്കില്ല. ചലഞ്ച് ഈ വെള്ളമുറിയിൽ രണ്ടുപേരും 100 ദിവസം ഒരുമിച്ച് പൂർത്തിയാക്കുക എന്നതാണ്. 

അത് പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇവർക്ക് നാലുകോടി രൂപയുമായി ഇവിടെ നിന്നും പോകാം. എന്നാൽ, അതിലും ഒരു പ്രത്യേകതയുണ്ട്. രണ്ടിൽ ഒരാൾ ഈ ചലഞ്ച് പൂർത്തിയാക്കാതെ, അതായത് 100 ദിവസം പൂർത്തിയാക്കാതെ ഇവിടെ നിന്നും പോയാൽ രണ്ടുപേർക്കും കാശ് കിട്ടില്ല. ഇരുവർക്കും പ്രത്യേകം ബെഡ്ഡ്, ഭക്ഷണം, ബാത്ത്റൂം എന്നിവയെല്ലാം ഇവിടെ ഉണ്ട്. എന്നാൽ, നിറയെ ലൈറ്റ് ആയത് കാരണം ഉറങ്ങാൻ ഇത്തിരി പാടായിരിക്കും. എന്തായാലും രണ്ടുപേർക്കും ഇതിനകത്ത് 100 ദിവസം പൂർത്തിയാക്കി. അതിന് മുമ്പ് തന്നെ പുസ്തകം, കാപ്പി, കുടുംബാം​ഗങ്ങളെ കാണൽ എന്നിവയ്ക്കൊക്കെ വേണ്ടി ബെയ്‍ലിയും സൂസിയും കുറച്ച് തുക ചെലവഴിച്ച് കഴിഞ്ഞിരുന്നു. 

YouTube video player

ഒടുവിൽ അവസാനത്തെ ചലഞ്ചും പൂർത്തിയാക്കിയ ശേഷം ഇവർക്ക് ലഭിച്ചത് ഏകദേശം മൂന്നുകോടി രൂപയാണ്. ഇരുവരും 1.5 കോടി രൂപ പങ്കുവച്ചെടുത്തശേഷമാണ് ഇവിടെ നിന്നും പുറത്തിറങ്ങിയത്. 92 മില്ല്യൺ ആളുകളാണ് ഈ ചലഞ്ചിന്റെ വീഡിയോ യൂട്യൂബിൽ കണ്ടിരിക്കുന്നത്. 

വായിക്കാം: അമ്മൂമ്മയുടെ ചെലവുചുരുക്കൽ സൂത്രം കൊള്ളാം, ക്രിസ്‍മസ് ഡിന്നറിന് മക്കൾക്കും കൊച്ചുമക്കൾക്കും ഫീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം