ലോകത്തിലെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചതിന്റെ 34-ാം വാർഷികം ആഘോഷിച്ച് പശ്ചിമ റെയിൽവേയുടെ മുംബൈ ഡിവിഷൻ. ഇതിന്റെ ഭാഗമായി വനിതാ യാത്രക്കാർക്ക് റെയിൽവേ ഉദ്യോഗസ്ഥർ റോസാപ്പൂക്കൾ നൽകുന്ന വീഡിയോ വൈറലാകുന്നു. 

മുംബൈയിലെ ലോക്കൽ ട്രെയിനിൽ നടന്ന മനോഹരമായ ഒരു ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ വനിതകൾക്ക് മാത്രമായിട്ടുള്ള 'ലേഡീസ് സ്പെഷ്യൽ' ലോക്കൽ ട്രെയിൻ സർവീസ് ആരംഭിച്ചതിന്റെ 34 -ാം വാർഷികം പശ്ചിമ റെയിൽവേയുടെ മുംബൈ ഡിവിഷൻ ആഘോഷിക്കുകയായിരുന്നു. ഇതിന്റെ ഭാ​ഗമായി യാത്രക്കാർക്ക് റെയിൽവേ ഉദ്യോഗസ്ഥർ റോസാപ്പൂക്കൾ വിതരണം ചെയ്തു. 1992 മെയ് 5 -നാണ് വനിതകൾക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ലോക്കൽ ട്രെയിൻ സർവീസ് പശ്ചിമ റെയിൽവേ ആരംഭിച്ചത്. നഗരത്തിലെ യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന തിരക്ക് പരി​ഗണിച്ചാണ് സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ സേവനം ആരംഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പതിറ്റാണ്ടുകളായി മുംബൈയിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ ട്രെയിനുകൾ. ഓഫീസുകളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഈ ലേഡീസ് സ്പെഷ്യൽ ട്രെയിനുകൾ നൽകുന്ന സുരക്ഷിതത്വവും ആശ്വാസവും വളരെ വലുതാണ്. 'സ്ത്രീ യാത്രക്കാരെ ശാക്തീകരിക്കുന്നതിനും അവർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമുള്ള റെയിൽവേയുടെ ദീർഘകാല പ്രതിബദ്ധതയുടെ അടയാളമാണിത്' എന്നാണ് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.

Scroll to load tweet…

ആഘോഷത്തിന്റെ ഭാഗമായി ട്രെയിനിനുള്ളിൽ വെച്ച് റെയിൽവേ ഉദ്യോഗസ്ഥരോടൊപ്പം യാത്രക്കാർ ഫോട്ടോയെടുക്കുന്നതും പൂക്കൾ സ്വീകരിച്ച് സന്തോഷം പങ്കിടുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുംബൈയുടെ പൊതു​ഗതാ​ഗതരം​ഗത്ത് എത്രമാത്രം പ്രാധാന്യം ഈ ലേഡീസ് ലോക്കൽ ട്രെയിനുകൾ വഹിക്കുന്നുണ്ട് എന്ന് കാണിക്കുന്നതായി മാറി ഈ ആഘോഷം. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് താഴെ കമൻ‌റുകളുമായി എത്തുന്നത്.