64-കാരനെ ഇന്റേണായി നിയമിച്ച് മുംബൈയിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ. പ്രായം കൂടുന്തോറും അറിവും അനുഭവവും കൂടും അല്ലേ? തീരുമാനത്തിന് കയ്യടിച്ച് നെറ്റിസൺസും. 

പ്രായമായാൽ ആരും ജോലിക്കെടുക്കില്ല, ജോലിയൊന്നും കിട്ടില്ല ഇങ്ങനെയാണ് സ്വതവേയുള്ള നമ്മുടെയൊരു നാട്ടുനടപ്പും വിശ്വാസവും. എന്നാൽ, അതങ്ങനെയല്ല. എക്സ്പീരിയൻസ് എത്ര കൂടുന്നോ അത്രയും നന്നാവും ജോലിയും എന്ന് തെളിയിക്കുന്ന അനേകം സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 64-കാരനായ ഒരാളെ തങ്ങളുടെ സ്റ്റാർട്ടപ്പിലേക്ക് ഇന്റേൺ ആയി സ്വാഗതം ചെയ്യുകയാണ് മുംബൈയിൽ നിന്നുള്ളൊരു യുവ വ്യവസായി. പതിറ്റാണ്ടുകളുടെ പ്രൊഫഷണൽ എക്സ്പീരിയൻസ് ഒരു സ്ഥാപനത്തിന് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോഷ്വ സാലിൻസ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപകനാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ഇന്റേണിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഓഫീസിലെ ചെറുപ്പക്കാരായ ജീവനക്കാർക്ക് 64 -കാരൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതും, അവർ അത് അതീവ ശ്രദ്ധയോടെ കേട്ടിരിക്കുന്നതും വീഡിയോയിൽ കാണാം. 'POV: നിങ്ങളുടെ സ്റ്റാർട്ടപ്പിൽ 64 വയസ്സുള്ള ഒരു ഇന്റേൺ ഉള്ളപ്പോൾ...' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ 64 -കാരന്റെ അറിവും, എക്സ്പീരിയൻസും, ടീമം​ഗങ്ങൾ നിരാശരാവുമ്പോൾ നൽകുന്ന പ്രചോദനവുമെല്ലാം അദ്ദേഹത്തെ ജോലിക്കെടുക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട് എന്നും ജോഷ്വ വ്യക്തമാക്കുന്നു.

'ഞങ്ങളുടെ ഓഫീസിൽ 64 വയസ്സുള്ള ഒരു ഇന്റേൺ എത്തിയിരിക്കുന്നു, ഞങ്ങൾ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്' എന്നും ജോഷ്വ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം, അദ്ദേഹത്തെ എന്തുകൊണ്ട് ഇന്റേൺ ആയി എടുത്തു എന്നും ആളുകൾ സംശയം പ്രകടിപ്പിച്ചു. റിട്ടയർമെന്റിന് ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തുടർന്നും ജോലി ചെയ്യാനും തന്റെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും അദ്ദേഹം ആഗ്രഹിച്ചു. തനിക്ക് സാധിക്കുമ്പോഴെല്ലാം ടീമിനെ സഹായിക്കാൻ അദ്ദേഹം സന്നദ്ധനാണ് അതിനാലാണ് ഇങ്ങനെ ഒരു നിയമനം എന്നും ജോഷ്വാ വിശദീകരിച്ചു.

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. റോബർട്ട് ഡി നീറോ അഭിനയിച്ച പ്രശസ്ത ഹോളിവുഡ് ചിത്രം 'ദി ഇന്റേൺ'-മായി താരതമ്യപ്പെടുത്തിയായിരുന്നു പലരുടേയും കമന്റ്. അദ്ദേഹത്തെ ജോലിക്കെടുത്ത തീരുമാനത്തെ ആളുകൾ അഭിനന്ദിച്ചു.