Asianet News MalayalamAsianet News Malayalam

ശരിയായ വേ​ഗത്തിൽ വാഹനമോടിച്ചാൽ 'പാട്ടുപാടിത്തരുന്ന' റോഡ്; വൈറലായി വീഡിയോ

എന്നാൽ, ലോകത്തിലെ ഏക മ്യൂസിക്കൽ റോഡല്ല ഇത്. ജപ്പാനിൽ ഏകദേശം ഇതുപോലെയുള്ള 30 റോഡുകൾ ഉണ്ട് എന്നാണ് പറയുന്നത്.

musical road in Hungary rlp
Author
First Published Feb 4, 2023, 9:33 AM IST

വണ്ടിയെടുക്കുന്ന എല്ലാവരുടേയും ആ​ഗ്രഹം നല്ല റോഡിലൂടെ പോവുക എന്നതാണ്. ഹം​ഗറിയിലെ ഈ റോഡ് അത്തരക്കാർക്ക് വളരെ അധികം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. മിക്കവാറും സ്ഥലങ്ങളിൽ സ്പീഡ് ലിമിറ്റ് കാണും അല്ലേ? ഈ റോഡിലൂടെ നിങ്ങൾ പോകുന്നത് ശരിയായ വേ​ഗത്തിലാണ് എങ്കിൽ നിങ്ങൾക്ക് വേണ്ടി ഈ റോഡ് സം​ഗീതം പൊഴിക്കും. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ഇപ്പോൾ വീണ്ടും ട്വിറ്ററിൽ തിരിച്ചെത്തിയിരിക്കുകയാണ്. വീഡിയോയിൽ, ഹംഗറിയുടെ റോഡ് 67 ആണ് ചിത്രീകരിച്ചിരിക്കുന്നത്. അതിലൂടെ ഒരാൾ വാഹനവുമായി പോകുന്നത് കാണാം. ഇത് ഒരു മ്യൂസിക്കൽ റോഡാണ്. അതായത് കാർ സഞ്ചരിക്കുന്നത് ശരിയായ വേ​ഗത്തിലാണ് എങ്കിൽ സം​ഗീതം കേൾക്കാം. സം​ഗീതത്തോടൊപ്പം റോഡിലൂടെ പോകുന്ന കാറിന്റെ വീഡിയോയാണ് കാണുന്നത്. 

2019 -ലാണ് ഹംഗറിയിൽ റോഡ് 67 ഉദ്ഘാടനം ചെയ്യപ്പെട്ടത്. കപോസ്വാർ നഗരത്തെയും M7 മോട്ടോർവേയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇത്. റിപ്പബ്ലിക് ബാൻഡിലെ പ്രധാന ഗായകനായ ലാസ്ലോ ബോഡി അഥവാ സിപ്പോയുടെ സ്മരണാർത്ഥമാണ് ഈ റോഡ് സ്ഥാപിച്ചിരിക്കുന്നത്. റോഡിന്റെ സൈഡിലേക്ക് പോകുമ്പോൾ തന്നെ ബാൻഡിലെ 'റോഡ് 67' എന്ന ഗാനത്തിന്റെ ചില ഭാ​ഗങ്ങൾ കേൾക്കാം. 

നേരത്തെ തന്നെ ഈ റോഡിൽ നിന്നുമുള്ള വീഡിയോ പല തവണ വൈറലായിരുന്നു. അടുത്തിടെ ട്വിറ്ററിൽ വീണ്ടും പോസ്റ്റ് ചെയ്തതിനെ തുടർന്ന് അത് വീണ്ടും വൈറലായി. എത്രയോ പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകൾ ഇട്ടതും. 

എന്നാൽ, ലോകത്തിലെ ഏക മ്യൂസിക്കൽ റോഡല്ല ഇത്. ജപ്പാനിൽ ഏകദേശം ഇതുപോലെയുള്ള 30 റോഡുകൾ ഉണ്ട് എന്നാണ് പറയുന്നത്. ജപ്പാനിലെ സംസ്കാരവുമായി ബന്ധപ്പെട്ട സം​ഗീതമാണ് ഇതിൽ കേൾക്കാവുന്നത്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios