വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) വിവിധ വകുപ്പുകൾ പ്രകാരം പാമ്പാട്ടിക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊക്കെ വിവാഹ(wedding)ത്തിൽ സജീവമായി കാണുന്നതാണ് നാ​ഗിൻ നൃത്തം(Nagin dance). മിക്കവാറും കുടുംബത്തിലെ ആരെങ്കിലും ഈ ഡാൻസ് ചെയ്യാറുണ്ട്. കൂട്ടുകാരും വീട്ടുകാരുമൊക്കെ വിവാഹത്തിൽ അപ്രതീക്ഷിതമായി ഇത്തരം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാവാറുണ്ട്. എന്നാൽ, ഒരു ഒറിജിനൽ മൂർഖൻ പാമ്പുമായി ആരെങ്കിലും വിവാഹവീട്ടിൽ ഇങ്ങനെ നാഗിൻ ഡാൻസ് ചെയ്യുന്നത് ഊഹിക്കാനാവുമോ? എന്നാൽ, അങ്ങനെ ഒരു സംഭവമുണ്ടായി. ഏതായാലും അതിന്റെ ഫലമായി പിന്നാലെ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലുമായി. 

മയൂർഭഞ്ച് ജില്ല(Mayurbhanj district)യിലെ കരഞ്ജിയ പട്ടണത്തിലെ തെരുവുകളിൽ നിന്നും ബുധനാഴ്ച പകർത്തിയിരിക്കുന്ന വീഡിയോ ആണിത്. അതിൽ മൂടി തുറന്നിരിക്കുന്ന ഒരു മുളക്കുട്ടയിൽ ഒരു പാമ്പുണ്ട്. അതിനെ ഉയർത്തിപ്പിടിച്ച് ഒരാൾ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവരിൽ പലരും താളത്തിനൊപ്പം നാ​ഗിൻ നൃത്തം ചെയ്യുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

അതിനിടയിൽ പാമ്പ് നൃത്തം ചെയ്യുന്ന ഒരാളുടെ കയ്യിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അയാൾ ഇതൊന്നും കാര്യമാക്കാതെ നൃത്തം തുടരുകയാണ്. സംഭവസ്ഥലത്ത് എത്തിയ ഒഡീഷ വനംവകുപ്പ് പാമ്പിനെ രക്ഷപ്പെടുത്തി. ഉഗ്രവിഷമുള്ള പാമ്പിനൊപ്പം നൃത്തം ചെയ്തതിന് പാമ്പാട്ടി ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമത്തിന്റെ (1972) വിവിധ വകുപ്പുകൾ പ്രകാരം പാമ്പാട്ടിക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

പാമ്പ് ആകെ ഭയന്നിരിക്കുന്നതായി സ്‌നേക്ക് ഹെൽപ്പ് ലൈൻ കൺവീനർ സുവേന്ദു മല്ലിക് പറഞ്ഞു. "മൂർഖൻ പാമ്പിന്റെ വിഷപ്പല്ലുകൾ നീക്കം ചെയ്തിരിക്കണം, അതും നിയമവിരുദ്ധമാണ്. ഇത്തരമൊരു ഹീനമായ പ്രവൃത്തി അനുവദിച്ചതിന് വധുവിനും വരനും അവന്റെ പിതാവിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. രാജ്യത്ത് ഇത്തരമൊരു കേസുകളിൽ ആദ്യത്തേതായിരിക്കും ഇത്" എന്നും അദ്ദേഹം പറഞ്ഞു.


YouTube video player