മരുമകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ച് പരിഹാസ ചോദ്യവുമായി അയൽക്കാരി. കിടിലൻ മറുപടി തന്നെ നൽകി വൈറലായി അമ്മായിയമ്മ. മരുമകൾ തന്നെയാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സ്ത്രീകളുടെ വസ്ത്രകാര്യങ്ങളിൽ എല്ലാവർക്കും വലിയ താല്പര്യമാണ്. നമുക്ക് അറിയാത്തവരുടെ കാര്യങ്ങളിൽ പോലും വസ്ത്രത്തിന്റെ പേരിൽ അഭിപ്രായം പറയാൻ പലരും മടിക്കാറില്ല. അത്തരക്കാർക്കുള്ള ചുട്ട മറുപടി കൂടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഈ പോസ്റ്റ്. മരുമകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ച് ചോദിച്ച അയൽവാസിയുടെ വായടപ്പിച്ച അമ്മായിയമ്മയുടേതാണ് വീഡിയോ. ജ്യോതി എന്ന യൂസറാണ് തന്റെ അമ്മായിയമ്മയുടെ ഹൃദ്യമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
'ചിലർ കരുതുന്നത് മരുമക്കൾക്ക് എല്ലാ കാര്യത്തിനും അനുവാദം വേണമെന്നാണ്. എന്നാൽ, എന്റെ വീട്ടിൽ ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചാണ് ജീവിക്കുന്നത്' എന്ന കുറിപ്പോടെയാണ് ജ്യോതി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിന് അടുത്തുള്ള ഒരു സ്ത്രീ ജ്യോതിയുടെ അമ്മായിയമ്മയോട്, 'നിങ്ങൾ നിങ്ങളുടെ മരുമകളെ ജീൻസ് ധരിക്കാൻ അനുവദിക്കുമോ?' (Aap apni bahu ko jeans pehnati ho?) എന്ന് പരിഹാസരൂപേണ ചോദിക്കുകയായിരുന്നുവത്രെ. എന്നാൽ ഒട്ടും വൈകാതെ തന്നെ അമ്മായിയമ്മ തന്റെ അല്പം തമാശ കലർന്ന മറുപടിയിലൂടെ അയൽവാസിയുടെ വായടപ്പിക്കുകയായിരുന്നു. 'ഓ, ഇല്ല ഞാൻ അവളെ ജീൻസ് ധരിപ്പിക്കാറില്ല, അവൾ തനിയെ തന്നെയാണ് അത് ധരിക്കുന്നത്' (Nahi, woh apne aap pehanti hai!) എന്നായിരുന്നു അമ്മായിയമ്മയുടെ മറുപടി. ഇതും പറഞ്ഞ് ജ്യോതിയും അമ്മായിഅമ്മയും പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
വളരെ പെട്ടെന്നാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ വൈറലായതോടെ അമ്മായിയമ്മയ്ക്ക് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 'എല്ലാ മരുമക്കളും ഇതുപോലെ സന്തോഷമായിരിക്കട്ടെ', 'അമ്മായിയമ്മ റോക്ക്സ്, അയൽവാസി ഷോക്ക്സ്' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ജ്യോതിയും അമ്മായിയമ്മയും തമ്മിലുള്ള ആത്മബന്ധം കണ്ടിട്ട് ഇരുവരും 'സോൾമേറ്റുകൾ' ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
