താൻ വളരെയധികം വിലമതിക്കുന്ന ഒരാളാണ് ഈ അഭിഭാഷക എന്ന് ഹാസിക്ക പറയുന്നു. 'വ്യക്തിപരമായി താൻ ഇഷ്ടപ്പെടുന്ന, പ്രൊഫഷണലായി ആരാധിക്കുന്ന, വളരെ പഠിക്കാനുള്ള ഒരാൾ' എന്നാണ് ഹാസിക്ക അവരെ വിശേഷിപ്പിക്കുന്നത്.
ഇന്നത്തെ ഒരു സാഹചര്യം അനുസരിച്ച് ആരെങ്കിലും രാജിക്കത്ത് നൽകിയാൽ ഇപ്പോൾ തന്നെ ഇറങ്ങിക്കോളൂ എന്ന മട്ടാണ് പല കമ്പനികളിലും. അതുമല്ലെങ്കിൽ ഒരു സാധാരണ യാത്രയയപ്പ് പരിപാടിയിൽ എല്ലാം തീരും. എന്നാൽ മലേഷ്യയിൽ നിന്നുള്ള ഒരു ബോസ് ഇക്കാര്യത്തിൽ വളരെ വ്യത്യസ്തയായിരുന്നു. തന്റെ ടീമിലെ വിലപ്പെട്ട ഒരാളെ നഷ്ടപ്പെടുത്തുന്നതിനുപകരം അവർ ചെയ്തത് വേറൊരു കാര്യമാണ്. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ദി ഇൻഡിപെൻഡന്റ് സിംഗപ്പൂരിന്റെ റിപ്പോർട്ട് അനുസരിച്ച്, മലേഷ്യയിലെ ഒരു ലോ ഫേം ആയ 'നുറൈനി ഹസിക്ക ആൻഡ് കമ്പനി'യിൽ നിന്നുള്ള ഐനി ഹസിക്കയാണ് ത്രെഡ്സിൽ ഈ കഥ പങ്കുവച്ചിരിക്കുന്നത്.
ഒരു ദിവസം തന്റെ ഓഫീസിലെ ഒരു അഭിഭാഷക രാജിവയ്ക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെ സമീപിച്ചതായി ഹാസിക്ക പറയുന്നു. കുട്ടിയെ നോക്കേണ്ടതിനാൽ താൻ രാജി വയ്ക്കാൻ ആലോചിക്കുന്നു എന്നാണ് അഭിഭാഷക പറഞ്ഞത്. എല്ലാ കാര്യങ്ങളും കൂടി നോക്കാൻ സാധിക്കുന്നില്ല എന്നും അവർ വിശദീകരിച്ചു. എന്നാൽ, താൻ വളരെയധികം വിലമതിക്കുന്ന ഒരാളാണ് ഈ അഭിഭാഷക എന്ന് ഹാസിക്ക പറയുന്നു. 'വ്യക്തിപരമായി താൻ ഇഷ്ടപ്പെടുന്ന, പ്രൊഫഷണലായി ആരാധിക്കുന്ന, വളരെ പഠിക്കാനുള്ള ഒരാൾ' എന്നാണ് ഹാസിക്ക അവരെ വിശേഷിപ്പിക്കുന്നത്.
അങ്ങനെ ഒരാളെ നഷ്ടപ്പെടുത്താൻ സാധിക്കാത്തതിനാൽ, തനിക്ക് എന്ത് ചെയ്യാനാവും എന്ന് അവർ ആലോചിച്ചു. അങ്ങനെ ഒരു തീരുമാനത്തിലെത്തി. ആ അഭിഭാഷകയ്ക്ക് മുഴുവൻ സമയം വർക്ക് ഫ്രം ഹോം നൽകി. മാസത്തിലെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ മാത്രം ഓഫീസിലെത്തുകയും പതിവുപോലെ കോടതിയിൽ ഹാജരാവുകയും ചെയ്താൽ മതി. മാത്രമല്ല, താൻ അവർക്ക് ശമ്പളത്തിലും ചെറിയൊരു വർധനവ് നൽകി എന്നും ഹാസിക്ക പറയുന്നു. അഭിഭാഷക അങ്ങനെ ജോലിയിൽ തുടരാൻ തീരുമാനിച്ചു. താൻ എടുത്ത തീരുമാനം വളരെ നല്ലതായിരുന്നു എന്നും ഹാസിക്ക പറഞ്ഞു. നിരവധിപ്പേരാണ് ഇതുപോലെ ഒരു ബോസിനെയാണ് ആരും ആഗ്രഹിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.


