പഞ്ചാബിൽ പ്രവാസി യുവാവായ ഹർപിന്ദർ സിംഗ് സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി മരിച്ചു. വെടിയുണ്ട വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഞ്ചാബിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അസാധാരണമായ ഒരപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. പഞ്ചാബിലെ ധനി സുച്ച സിംഗ് ഗ്രാമത്തിലെ വീട്ടിലെ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിൽ സൂക്ഷിച്ചിരുന്ന ലൈസൻസുള്ള പിസ്റ്റൾ അബദ്ധത്തിൽ പൊട്ടിയാണ് പ്രവാസി മരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ മുന്നറിയിപ്പുകൾ നൽകുന്നു.

എഴുന്നേൽക്കുന്നതിനിടെ വെടിയേറ്റു

സോനു എന്ന് വിളിക്കുന്ന ഹർപിന്ദർ സിംഗ് എന്ന പ്രവാസിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വീട്ടിലെ സോഫയിൽ ഇരുന്ന് ഒരു ബന്ധുവിനോട് സംസാരിക്കുന്നതിനിടെ ഇദ്ദേഹം എഴുന്നേൽക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് സോനു തന്‍റെ വയറ്റിൽ അമർത്തിപ്പിടിച്ച് വേച്ച് വേച്ച് നടക്കുന്നു. വെടിയുടെ ശബ്ദം കേട്ട് വീട്ടിലുള്ളവരെല്ലാം ഓടിയെത്തുന്നതും അദ്ദേഹത്തെ താങ്ങിയെടുത്ത് പുറത്തേക്ക് നീങ്ങുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Scroll to load tweet…

സൗനുവിന്‍റെ അരയിലിരുന്ന തോക്ക്, അദ്ദേഹം എഴുന്നേറ്റപ്പോൾ ട്രിഗർ ചെയ്യുകയും വെടി പൊട്ടുകയുമായിരുന്നെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. അബദ്ധത്തിൽ പൊട്ടിയ തോക്കിൽ നിന്നുള്ള വെടിയുണ്ട സോനുവിന്‍റെ വയറ്റിൽ തുളച്ചുകയറിയെന്ന് പോലീസ് പറഞ്ഞു. സോനുവിനെ ആദ്യം ഒരു സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ. ആന്തരിക പരിക്കുകൾ ശക്തമായിരുന്നതിനാൽ ബത്തിൻഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വച്ച് വൈദ്യസഹായം നൽകിയെങ്കിലും അദ്ദേഹം മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വർഷങ്ങൾ വിദേശത്തായിരുന്ന സോനു അടുത്തിടെയാണ് പഞ്ചാബിലെ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ അദ്ദേഹം സ്വന്തം ഗ്രാമത്തിൽ സ്ഥിര താമസമാക്കി. അടുത്തിടെയാണ് അദ്ദേഹം വിവാഹിതനായതെന്നും ഭാര്യയും രണ്ട് വയസ്സുള്ള ഒരു മകളും അദ്ദേഹത്തിനുണ്ടെന്നും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച നടന്ന ശവസംസ്കാര ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

പോലീസ് അന്വേഷണം

മൃതദേഹം കുടുംബത്തിന് കൈമാറുന്നതിന് മുമ്പ് പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി. ഹർപീന്ദറിന്‍റെ പിതാവ് ദർശൻ സിംഗിന്‍റെ മൊഴി രേഖപ്പെടുത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സദർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രവീന്ദർ ശർമ്മ പറഞ്ഞു.