തന്റെ ലോകസഞ്ചാരത്തിന്റെ ഭാഗമായി ക്ഷേത്രത്തിലുമെത്തിയ തൻഷി ഇവിടെ ടെന്റ് കെട്ടാൻ ശ്രമിക്കുകയായിരുന്നു. ഒരു സന്യാസി തനിക്ക് ഇവിടെ രാത്രി തങ്ങാൻ അനുവാദം നൽകിയിട്ടുണ്ടെന്നായിരുന്നു യുവാവിന്റെ വാദം.

പണമൊന്നും കയ്യിലില്ലാതെ യാത്ര ചെയ്യാനിറങ്ങുന്ന അനേകം പേർ ഇന്നുണ്ട്. വാഹനങ്ങൾക്ക് കൈകാണിച്ച് ലിഫ്റ്റടിച്ച് പോവുക, ടെന്റ് കെട്ടി താമസിക്കുക, ആരെങ്കിലും സൗജന്യമായി നൽകുന്ന ഭക്ഷണം കഴിക്കുക ഇതൊക്കെയാണ് ഇവരുടെ രീതി. എന്നാൽ, അങ്ങനെയൊരു യാത്രക്കിറങ്ങിയ ഇന്ത്യൻ യൂട്യൂബറെ തടഞ്ഞ് തായ്‍ലാൻഡിലെ ഒരു ക്ഷേത്രം. ക്ഷേത്രത്തിനുള്ളിൽ ടെന്റ് കെട്ടി താമസിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവാവ് വിവാദത്തിലായത്. Anything Banshi എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ബൻഷി എന്ന യുവാവിനാണ് തായ് പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്ന് ക്ഷേത്രത്തിൽ നിന്നും പുറത്തുകടക്കേണ്ടി വന്നത്. ഉഡോൺ താനിയിലെ ഒരു ബുദ്ധക്ഷേത്രത്തിൽ രാത്രി തങ്ങാൻ ശ്രമിച്ചപ്പോഴാണ് സംഭവം.

തന്റെ ലോകസഞ്ചാരത്തിന്റെ ഭാഗമായി ക്ഷേത്രത്തിലുമെത്തിയ തൻഷി ഇവിടെ ടെന്റ് കെട്ടാൻ ശ്രമിക്കുകയായിരുന്നു. ഒരു സന്യാസി തനിക്ക് ഇവിടെ രാത്രി തങ്ങാൻ അനുവാദം നൽകിയിട്ടുണ്ടെന്നായിരുന്നു യുവാവിന്റെ വാദം. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഇത് തികച്ചും അനുചിതമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തോട് ഉടൻ തന്നെ സാധനങ്ങളുമായി ഒഴിയാൻ ആവശ്യപ്പെട്ടു.

20 മിനിറ്റിലധികം നീണ്ടുനിന്ന തർക്കത്തിനൊടുവിലും ബൻഷി പിന്മാറാൻ തയ്യാറായില്ല. തുടർന്ന് സുരക്ഷ മുൻനിർത്തി സമീപത്തെ ഒരു ബജറ്റ് ഹോട്ടലിൽ (രാത്രിക്ക് 400 ബാത്ത്) താമസിക്കാൻ പൊലീസ് അദ്ദേഹത്തിന് നിർദ്ദേശം നൽകുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ചെലവുകൾ ചുരുക്കണമെന്ന കാരണം പറഞ്ഞ് ബൻഷി ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. ചില തായ് മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ ബൻഷി തന്നെ തായ്‍ലാൻഡ് ക്ഷേത്രത്തിലെ മോശം അനുഭവം എന്നും പറഞ്ഞ് വീഡിയോ യൂട്യൂബിൽ പങ്കുവച്ചു.

രൂക്ഷ വിമർശനം

സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ബൻഷിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. രാജ്യത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്നതാണ് യുവാവിന്റെ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ഇന്ത്യൻ വ്ലോഗർമാരും പ്രേക്ഷകരും രംഗത്തെത്തി.

'ഇന്ത്യക്കാരനെന്ന നിലയിൽ ഈ യുവാവിന്റെ പെരുമാറ്റത്തിൽ ഞാൻ ലജ്ജിക്കുന്നു. പണമില്ലെങ്കിൽ ആളുകളുടെ സഹായത്തോടെ യാത്ര ചെയ്യുകയല്ലാതെ ഇത്തരം അതിക്രമങ്ങൾ കാണിക്കരുത്' എന്ന് ഒരാൾ കമന്റ് ചെയ്തു. തായ് പൊലീസിന്റെ മാന്യമായ പെരുമാറ്റത്തെയും പലരും പ്രശംസിച്ചു.

തായ് നിയമങ്ങൾ

തായ്‌ലൻഡ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾ കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ബാങ്കോക്കിലെ ഇന്ത്യൻ എംബസിയുടെ കണക്കുപ്രകാരം സഞ്ചാരികൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം.

താമസസ്ഥരത്തിന്റെ രേഖ: ബന്ധുക്കളുടെ കൂടെയാണ് താമസിക്കുന്നതെങ്കിൽ ക്ഷണക്കത്തും ഐഡിയുടെ പകർപ്പും നൽകണം. അല്ലാത്തപക്ഷം ഹോട്ടൽ ബുക്കിംഗ് രേഖകൾ വേണം.

മിനിമം ബാങ്ക് ബാലൻസ്: വിസ ഓൺ അറൈവൽ അല്ലെങ്കിൽ വിസ ഇളവുള്ള സഞ്ചാരികൾ ഒരാൾക്ക് കുറഞ്ഞത് 10,000 ബാത്തോ കുടുംബത്തിന് 20,000 ബാത്തോ കൈവശമോ ബാങ്ക് അക്കൗണ്ടിലോ ഉണ്ടെന്ന് തെളിയിക്കണം.

സൗജന്യ യാത്രകളുടെ പേരിൽ ക്ഷേത്രങ്ങൾ ക്യാമ്പിംഗ് സൈറ്റുകളാക്കി മാറ്റുന്നതും, വിനോദസഞ്ചാര വിസയിൽ അനുമതിയില്ലാതെ യൂട്യൂബ് വീഡിയോകൾ വഴി പണം സമ്പാദിക്കുന്നതും തായ് നിയമപ്രകാരം കുറ്റകരമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.