തൊഴിലില്ലായ്മ മാനസികമായി വലിയ സമ്മർദ്ദം ഉണ്ടാക്കുമെങ്കിലും, അത് ജീവിതത്തെ നേരിടാനുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് അനിഷ പറയുന്നു.
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുന്ന അവസ്ഥ, അല്ലെങ്കിൽ എത്ര തേടിയിട്ടും ജോലി കിട്ടാത്ത അവസ്ഥ. ഇത് മനുഷ്യരെ വല്ലാതെ തളർത്തിക്കളയും അല്ലേ? എന്നാൽ, അങ്ങനെ തളർത്തുമെങ്കിലും അതിന് ചില ഗുണങ്ങളൊക്കെ ഉണ്ട് എന്നാണ് ഈ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്. മനുഷ്യനെ മാനസികമായി തളർത്തുമെങ്കിലും, അത് നമ്മളിൽ ആത്മവിശ്വാസവും പ്രതിരോധശേഷിയും വളർത്താൻ സഹായിക്കുമെന്നാണ് അനിഷ അറോറ എന്ന യുവതി പറയുന്നത്. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
തൊഴിലില്ലായ്മ മാനസികമായി വലിയ സമ്മർദ്ദം ഉണ്ടാക്കുമെങ്കിലും, അത് ജീവിതത്തെ നേരിടാനുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് അനിഷ പറയുന്നു. നിരന്തരമായി തിരസ്കരണങ്ങൾ നേരിടേണ്ടി വരുമ്പോൾ, പിന്നീട് തിരിച്ചടികൾ നമ്മെ തളർത്താതാകുമെന്നും അത് കരിയറിലെ ഭയം ഇല്ലാതാക്കുമെന്നും അവർ വ്യക്തമാക്കുന്നു.
റെഫറലുകൾ ചോദിക്കാനും, അപരിചിതരുമായി സംസാരിക്കാനും, കോഫി ചാറ്റുകൾക്കായി ആളുകളെ സമീപിക്കാനും ഈ സാഹചര്യം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിൽ സാധാരണഗതിയിൽ പലരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണിത്. ഭാവി എന്താകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലും എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു കാര്യങ്ങൾ ചെയ്യാനുള്ള മനോഭാവം ഇത് വളർത്തുന്നു.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി എത്തിയത്. 'തൊഴിലില്ലായ്മ നമ്മുടെ സഹനശക്തിയെയും പ്രതിരോധശേഷിയെയും യഥാർത്ഥത്തിൽ പരീക്ഷിക്കുന്ന ഒന്നാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'മാനസിക സമ്മർദ്ദമാണ് ഇതിലെ ഏറ്റവും കഠിനമായ ഭാഗം' എന്ന് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നു. 'ഇന്നത്തെ ദിവസം എനിക്ക് കേൾക്കേണ്ടിയിരുന്ന ഏറ്റവും നല്ല വരികളാണിത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എന്നിരുന്നാലും, ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രം മതിയെന്നും ഇത്തരം പ്രയാസങ്ങളിലൂടെ ആരും കടന്നുപോകരുതേയെന്നും പ്രാർത്ഥിച്ചുകൊണ്ടാണ് അനിഷ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
