ടാർഗറ്റ്സ്, ഡെഡ്‌ലൈനുകൾ, വർക്ക് പ്രഷർ, മാനേജരുടെ ശകാരങ്ങൾ എന്നിവയൊക്കെയാണ് ജോലിയിലെ സമ്മർദ്ദത്തിന് കാരണമെങ്കിൽ, ജോലിയില്ലാതിരിക്കുമ്പോൾ വേറെ ചിലതരം ആശങ്കകളാണ് ആളുകളെ വേട്ടയാടുക എന്ന് അഭിഷേക് വ്യക്തമാക്കുന്നു.
ജോലിയിൽ നിന്നുള്ള സമ്മർദ്ദം കാരണം ഇടയ്ക്ക് ജോലി ഉപേക്ഷിക്കാൻ തോന്നാറുണ്ടോ? എങ്കിൽ അഭിഷേക് എന്ന യുവാവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഈ അനുഭവം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ജോലിയിലെ സമ്മർദ്ദത്തേക്കാൾ എത്രയോ വലുതാണ് ജോലിയില്ലാതെ വെറുതെ വീട്ടിലിരിക്കുന്നതിന്റെ മാനസിക സംഘർഷമെന്ന് ഓർമിപ്പിക്കുകയാണ് അഭിഷേക്.
കഴിഞ്ഞ നാല് വർഷമായി ജോലി ചെയ്തുവരികയായിരുന്ന അഭിഷേക്, എട്ട് മാസം മുൻപൊരു ചെറിയ അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അദ്ദേഹത്തിന് ജോലിക്കൊന്നും പോകാൻ കഴിഞ്ഞിട്ടില്ല, ബെഡ്‍റെസ്റ്റാണ്. വീട്ടിൽ തന്നെ വെറുതെയിരിക്കേണ്ടി വന്ന ഈ അവസ്ഥയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്.
'നിങ്ങൾക്ക് ഒരു ജോലിയുണ്ടെങ്കിൽ, ജോലി ചെയ്യാൻ തോന്നുന്നില്ലെങ്കിൽ ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കൂ. എട്ട് മാസം മുൻപ് ചെറിയൊരു അപകടം പറ്റി, അതിനെത്തുടർന്ന് എന്റെ വിശ്രമം നീണ്ടുപോയി. അതുകൊണ്ടാണ് കഴിഞ്ഞ എട്ട് മാസമായി ഞാൻ വീട്ടിലിരിക്കുന്നത്. സത്യം പറഞ്ഞാൽ, ജോലി ചെയ്യുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന എത്ര വലിയ സമ്മർദ്ദത്തേക്കാളും വലിയ മാനസിക സമ്മർദ്ദമാണ് വീട്ടിൽ വെറുതെയിരിക്കുമ്പോൾ അനുഭവപ്പെടുക. ഇത് ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ജോലി ചെയ്യുമ്പോഴുള്ള സ്ട്രെസ് നിങ്ങൾക്ക് എങ്ങനെയെങ്കിലും സഹിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ജോലിയില്ലാതെ വെറുതെയിരിക്കുന്നതിന്റെ സ്ട്രെസ് ഒരിക്കലും താങ്ങാൻ കഴിയില്ല. അതിനാൽ ഇപ്പോൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും അത് തുടർന്നുപോവുക, പെട്ടെന്ന് ജോലി ഒഴിവാക്കണമെന്ന് ആഗ്രഹിക്കാതിരിക്കുക'.
ടാർഗറ്റ്സ്, ഡെഡ്‌ലൈനുകൾ, വർക്ക് പ്രഷർ, മാനേജരുടെ ശകാരങ്ങൾ എന്നിവയൊക്കെയാണ് ജോലിയിലെ സമ്മർദ്ദത്തിന് കാരണമെങ്കിൽ, ജോലിയില്ലാതിരിക്കുമ്പോൾ വേറെ ചിലതരം ആശങ്കകളാണ് ആളുകളെ വേട്ടയാടുക എന്ന് അഭിഷേക് വ്യക്തമാക്കുന്നു. റുട്ടീൻ ഇല്ലാതാവുക, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം പിന്നീട് ആളുകളിൽ അവനവനെ സംശയിക്കാൻ ഇടയാക്കും.
അതേസമയം, മാനസികമായി തളർത്തുന്ന ടോക്സിക് ആയ ജോലികളിൽ തന്നെ തുടരണമെന്നല്ല താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ ജോലി മാനസികമായി നിങ്ങളെ തളർത്തുന്നുണ്ടെങ്കിൽ മാറ്റങ്ങൾ വരുത്താം. എന്നാൽ, ജോലി ഉപേക്ഷിച്ചാൽമാത്രം ജീവിതം സമാധാനപരമാകുമെന്ന് കരുതരുത്. വെറുതെ നിലവിലെ ജോലിയിൽ നിന്ന് ഓടിയൊളിക്കുന്നതിന് പകരം, സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ജോലിയെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിഷേകിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളിട്ടത്. 'തൊഴിലില്ലായ്മ എന്നത് മറ്റൊരുതരം മാനസിക സമ്മർദ്ദമാണ് നൽകുന്നത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഒരു ജോലി നിങ്ങൾക്ക് ശമ്പളത്തേക്കാൾ ഏറെ കാര്യങ്ങൾ തരുന്നുണ്ട്' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
