എന്നോടൊപ്പം വെറും എട്ട് മണിക്കൂർ മാത്രം ചെലവഴിക്കാനാണ് അദ്ദേഹം അത്രയും ദൂരം യാത്ര ചെയ്തെത്തിയത്. ജോലിയിലെ തിരക്കേറിയ കോളുകൾക്കിടയിലും അദ്ദേഹം എന്റെ പാത്രങ്ങൾ കഴുകി വൃത്തിയാക്കി, പുറത്തു കൊണ്ടുപോയി, എന്റെ ഇഷ്ട ഭക്ഷണങ്ങൾ വാങ്ങിത്തന്നു. ഒടുവിൽ മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു, 'നീ എന്തുചെയ്താലും സന്തോഷത്തോടെയിരിക്കുക. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്' എന്ന്.
മകളയച്ച ഒരു കുഞ്ഞുമെസ്സേജിന് പിന്നാലെ 28 മണിക്കൂറോളം കഷ്ടപ്പെട്ട് യാത്ര ചെയ്ത് അവളെ കാണാനെത്തിയ ഒരു അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. മകൾക്ക് തന്നോടുള്ള സ്നേഹവും, അവളനുഭവിക്കുന്ന ഏകാന്തതയും മനസ്സിലാക്കിയാണ് ആ അച്ഛൻ ജോലിത്തിരക്കുകൾക്കിടയിലും മകളുടെ അടുത്തേക്ക് ഓടിയെത്തിയത്. @apple.kaivalya എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഹൃദയസ്പർശിയായ അനുഭവം യുവതി പങ്കുവെച്ചിരിക്കുന്നത്. രാത്രി അച്ഛന് അവളയച്ച ഒരു മെസ്സേജാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് കാരണമായത്.
"ഞാൻ അച്ഛനെ ഓർക്കുന്നു എന്ന് തലേദിവസം രാത്രി അച്ഛനൊരു മെസ്സേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ വാതിൽ തുറന്നപ്പോൾ ഒരു ബാക്ക്പാക്കുമായി അച്ഛൻ അവിടെ നിൽക്കുന്നു. എന്റടുത്തുപോലും പറയാതെ അദ്ദേഹം 14 മണിക്കൂർ യാത്ര ചെയ്താണെത്തിയത്. എന്നോടൊപ്പം വെറും എട്ട് മണിക്കൂർ മാത്രം ചെലവഴിക്കാനാണ് അദ്ദേഹം അത്രയും ദൂരം യാത്ര ചെയ്തെത്തിയത്. ജോലിയിലെ തിരക്കേറിയ കോളുകൾക്കിടയിലും അദ്ദേഹം എന്റെ പാത്രങ്ങൾ കഴുകി വൃത്തിയാക്കി, പുറത്തു കൊണ്ടുപോയി, എന്റെ ഇഷ്ട ഭക്ഷണങ്ങൾ വാങ്ങിത്തന്നു. ഒടുവിൽ മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു, 'നീ എന്തുചെയ്താലും സന്തോഷത്തോടെയിരിക്കുക. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്' എന്ന്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ടല്ല അദ്ദേഹം വന്നത്, മറിച്ച് ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിക്കാനാണ് അദ്ദേഹം എത്തിയത്" എന്ന് യുവതി കുറിച്ചു.
വളരെക്കുറഞ്ഞ സമയം മാത്രമാണ് അച്ഛനും മകൾക്കും ഒന്നിച്ച് ചെലവഴിക്കാനായത് എങ്കിലും, യാത്രാക്ഷീണം വകവെക്കാതെ മകളുടെ വീട്ടുജോലികളിൽ സഹായിക്കാനും അവളെ പുറത്തുകൊണ്ടുപോകാനും അദ്ദേഹം സമയം കണ്ടെത്തി. "ചിലപ്പോൾ മാതാപിതാക്കൾ വാക്കുകൾ കൊണ്ട് 'ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്' എന്ന് പറയാറില്ല. പക്ഷേ, അവർ പെട്ടെന്നൊരു ദിവസം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ആ സാന്നിധ്യം മാത്രം മതി നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ഓർമ്മപ്പെടുത്തലിന്" എന്നും യുവതി കൂട്ടിച്ചേർത്തു. ആ അച്ഛന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.


