‘ഞാൻ ഗുരുഗ്രാമിൽ ജോലി ചെയ്യുന്നതുകൊണ്ട് പാർട്ടികളും ക്ലബ്ബുകളും റെസ്റ്റോറന്റുകളും കഫേകളുമായി ആഡംബരം നിറഞ്ഞ ഒരു ജീവിതമാണ് എന്റേതെന്നാണ് സുഹൃത്തുക്കൾ കരുതുന്നത്. എന്നാൽ, യാഥാർത്ഥ്യം അങ്ങനെയല്ല.’

ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ന​ഗരങ്ങളിലൊന്നാണ് ​ഗുരു​ഗ്രാം. വാടകയായാലും സാധനങ്ങളുടെ വിലയായാലും എല്ലാം വളരെ കൂടുതലാണ്. അതുപോലെ, ഗുരുഗ്രാമിലെ കോർപ്പറേറ്റ് ജോലി സ്വപ്നം കണ്ട് എത്തുന്ന യുവതീയുവാക്കളുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുന്ന ഒരു അനുഭവമാണ് ഈ യുവതി പങ്കുവയ്ക്കുന്നത്. മിന്നുന്ന ജീവിതവും പാർട്ടികളും കഫേകളുമായി അടിച്ചുപൊളിക്കുന്ന ജീവിതമാണ് ഗുരുഗ്രാമിൽ എന്നാണ് സുഹൃത്തുക്കൾ കരുതുന്നതെങ്കിലും, യഥാർത്ഥ ജീവിതം ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണെന്ന് തുറന്നു പറയുകയാണ് ആയുഷി എന്ന യുവതി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഗുരുഗ്രാമിലെ കോർപ്പറേറ്റ് ജീവിതത്തിന്റെ മറുവശം ആയുഷി വെളിപ്പെടുത്തിയത്. സുഹൃത്തുക്കൾ കരുതുന്നത് പോലെ ആഡംബര ജീവിതമല്ല തന്റേതെന്നും, ജോലി ലഭിച്ചശേഷമാണ് ജീവിതത്തിൽ കൂടുതൽ ബില്ലുകളും ചെലവുകളും വന്നതെന്നും യുവതി പറയുന്നു.

'ഞാൻ ഗുരുഗ്രാമിൽ ജോലി ചെയ്യുന്നതുകൊണ്ട് പാർട്ടികളും ക്ലബ്ബുകളും റെസ്റ്റോറന്റുകളും കഫേകളുമായി ആഡംബരം നിറഞ്ഞ ഒരു ജീവിതമാണ് എന്റേതെന്നാണ് സുഹൃത്തുക്കൾ കരുതുന്നത്. എന്നാൽ, യാഥാർത്ഥ്യം അങ്ങനെയല്ല. എനിക്ക് ജോലിയില്ലാതിരുന്നപ്പോഴാണ് ഞാൻ കൂടുതൽ കറങ്ങി നടന്നിരുന്നതും പുറത്തു പോയിരുന്നതുമെല്ലാം. അക്കൗണ്ടിൽ കയറുന്ന ദിവസം മാത്രമാണ് ശമ്പളം അവിടെയുണ്ടാകുക. അതിനുശേഷം അത് എങ്ങോട്ട് പോകുന്നു എന്ന് ആർക്കും അറിയില്ല. എന്റെ ജീവിതത്തിൽ ഇത്രയധികം ബില്ലുകൾ ഞാൻ ഇതിനുമുമ്പ് അടച്ചിട്ടില്ല. എല്ലാവർക്കും ദൈവം ഈ 'ഗുരുഗ്രാം ജീവിതം' നൽകട്ടെയെന്നാണ് എന്റെ പ്രാർത്ഥന' എന്നാണ് ആയുഷി വീഡിയോയിൽ പറയുന്നത്.

View post on Instagram

വൻകിട നഗരങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ശമ്പളക്കാരുടെ ജീവിതത്തെ കുറിച്ചാണ് ആയുഷി പറയുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നത്. വാടക, കറന്റ് ബില്ല്, പലവ്യഞ്ജനങ്ങൾ, യാത്രാക്കൂലി തുടങ്ങി മാസാമാസം വന്നുചേരുന്ന ചെലവുകൾ ഒക്കെ കഴിയുമ്പോഴേക്കും ശമ്പളവും തീരും.

'ഗുരുഗ്രാം ജീവിതം ഇതിലും മികച്ച രീതിയിൽ ചുരുക്കിപ്പറയാനാവില്ല', 'ഇത് ഏറെ വേദനാജനകമായ യാഥാർത്ഥ്യമാണ്', 'ശമ്പളം വരുന്നു, പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നു' എന്നിങ്ങനെ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം.