Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ​ഗോതമ്പ് കൊണ്ടുപോകുന്ന വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ജനങ്ങൾ

സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ, ​ഗോതമ്പ് ചാക്കുമായി പോകുന്ന ട്രക്ക് കാണാം. മോട്ടോർ സൈക്കിളിൽ ആളുകൾ അതിനെ പിന്തുടരുകയാണ്.

people chasing wheat truck video from Pakistan
Author
First Published Jan 16, 2023, 11:59 AM IST

പാകിസ്ഥാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയാണ്. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ ​ഗോതമ്പുമായി പോകുന്ന ഒരു ട്രക്കിനെ ഒരു കൂട്ടം ആളുകൾ ബൈക്കിൽ പിന്തുടരുന്നത് കാണാം. ഒരു പാക്കറ്റ് ​ഗോതമ്പിന് വേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലായാൽ കുഴപ്പമില്ലെന്ന മനസ്ഥിതിയിലേക്ക് ജനങ്ങളെത്തുന്ന അവസ്ഥയാണ് ഇവിടെയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നാഷണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫസ്സര്‍ സജ്ജാദ് രാജയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്, ഇത് ഒരു മോട്ടോർസൈക്കിൾ റാലി അല്ല. ഇത് ധാന്യവുമായി പോകുന്ന ട്രക്കിനെ പാകിസ്ഥാനിലെ ആളുകൾ പിന്തുടരുന്നതാണ്. ഒരു പാക്കറ്റ് ​ധാന്യമെങ്കിലും വാങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവർ ട്രക്കിനെ പിന്തുടരുന്നത്. പാകിസ്ഥാന് എന്തെങ്കിലും ഭാവിയുണ്ടോ? പാകിസ്ഥാനിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇത് എന്നും ട്വീറ്റിൽ പറയുന്നു. 

സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ, ​ഗോതമ്പ് ചാക്കുമായി പോകുന്ന ട്രക്ക് കാണാം. മോട്ടോർ സൈക്കിളിൽ ആളുകൾ അതിനെ പിന്തുടരുകയാണ്. നിരവധി പേരാണ് ട്രക്കിനെ പിന്തുടരുന്നത്. ചിലർ ​ഗോതമ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ പൈസ വരെ ട്രക്കിന് നേരെ വച്ചു നീട്ടുന്നതും വീഡിയോയിൽ കാണാം. ഒരു പാക്കറ്റ് ​ഗോതമ്പിന്റെ വില 3000 പാകിസ്ഥാൻ രൂപയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഭക്ഷ്യക്ഷാമം വളരെ അധികം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ വളരെ ആശയറ്റവരും പ്രകോപിതരുമായിട്ടാണ് കാണപ്പെടുന്നത്. അതേ സമയം, ​ഗോതമ്പുമായി പോകുന്ന ട്രക്കിനെ ആളുകൾ വളഞ്ഞു എന്നും ഡ്രൈവർമാർക്ക് നേരെ കല്ലെറിയുന്ന സാഹചര്യം വരെ ഇവിടെ ഉണ്ടായി എന്നും വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios