യാത്രയ്ക്ക് തലേദിവസം നോക്കിയപ്പോള്‍ ആകെ കീറിപ്പറിഞ്ഞ് പാസ്പോര്‍ട്ട്. വളര്‍ത്തുനായ കടിച്ചുകീറി. ഇത്തരം രേഖകളുടെ അടുത്ത് നിന്നും വളര്‍ത്തുമൃഗങ്ങളെ മാറ്റണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് യുവതി.
വീട്ടിൽ പൂച്ചയോ പട്ടിയോ ഒക്കെയുണ്ടോ? എന്നാൽ, ഇക്കാര്യം ശ്രദ്ധിച്ചോളൂ. വളർത്തുനായ കാരണം തന്റെ ഇന്റർനാഷണൽ ട്രിപ്പ് എങ്ങനെയാണ് അലങ്കോലമായത് എന്ന് പറയുകയാണ് ഈ യുവതി. വിമാനത്തിന് വെറും മണിക്കൂറുകൾക്ക് മുമ്പാണ് യുവതിയുടെ പാസ്പോർട്ട് നായ കടിച്ചുകീറിയതത്രെ. കരീന എന്ന യുവതിയാണ് തന്റെ വളർത്തുമൃഗം കാരണം എങ്ങനെയാണ് തന്റെ പ്ലാനുകളെല്ലാം അലങ്കോലമായത് എന്നതിനെ കുറിച്ച് വിവരിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തത്. വീഡിയോയിൽ, കരീന തന്റെ കീറിപ്പറിഞ്ഞ പാസ്‌പോർട്ടുമായി സംഭവത്തെ കുറിച്ച് വിവരിക്കുന്നത് കാണാം.
തന്റെ നായ തന്റെ പാസ്പോർട്ട് കടിച്ചുകീറി എന്ന് വീഡിയോയിൽ അവൾ പറയുന്നത് കാണാം. അധ്യാപികയായ തന്നോട് പലപ്പോഴും വിദ്യാർത്ഥികൾ ഹോം വർക്ക് ചോദിക്കുമ്പോൾ നായ തിന്നു എന്ന് പറയാറുണ്ട്. എന്നാൽ, താനത് വിശ്വസിക്കാറില്ല, എന്നാൽ ഇപ്പോൾ തനിക്കും അതുപോലെ സംഭവിച്ചു എന്നാണ് അവൾ പറയുന്നത്. വിദ്യാർത്ഥികൾ സത്യം പറയുന്നതായിരിക്കാം. നായ എന്തിനാണ് തന്നോടിത് ചെയ്തത് എന്നും അവൾ പറയുന്നു.
പിറ്റേന്നായിരുന്നു വിമാനം, ബാഗ് വരെ പാക്ക് ചെയ്തതാണ്, എന്നാൽ തലേദിവസം രാത്രിനോക്കിയപ്പോഴാണ് നായ പാസ്പോർട്ട് കടിച്ചുകീറിയത് കണ്ടത് എന്നും അവൾ പറഞ്ഞു. തനിക്ക് സങ്കടം തോന്നുന്നുണ്ട്, ഇത് ചൈനയിലേക്ക് താമസം മാറിയപ്പോൾ താനെടുത്ത ആദ്യത്തെ പാസ്പോർട്ടാണ് എന്നും അവൾ പറയുന്നു. തനിക്ക് ഒരു സെക്കന്റ് പാസ്പോർട്ട് ഉള്ളതുകൊണ്ട് വലിയ കുഴപ്പമില്ല, ഇത്തരം പ്രധാനപ്പെട്ട ഇന്റർനാഷണൽ പേപ്പർ വർക്കുകളുടെ അടുത്ത് നിന്നും നിങ്ങളുടെ നായയെ മാറ്റി നിർത്തണം എന്നും കരീന പറയുന്നു. ഒപ്പം പോസ്റ്റിന്റെ ക്യാപ്ഷനിൽ പാസ്പോർട്ടിന് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും വിവരിക്കുന്നുണ്ട്.


