ബ്ലിങ്കിറ്റിൽ ബ്രൗസ് ചെയ്യുന്നതിനിടയിലാണ് ഫോട്ടോ പ്രിന്റിംഗ് ഓപ്ഷൻ ഡൊമിനിക്ക ശ്രദ്ധിക്കുന്നത്. തുടർന്ന് ഇത് പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും വിദേശികളെ അമ്പരപ്പിക്കാറുണ്ട്. നമ്മുടെ നിത്യജീവിതം തന്നെ അത് അത്രത്തോളം എളുപ്പമാക്കിയിരിക്കുകയാണ്. ​ഗ്രോസറി സാധനങ്ങളും മരുന്നുകളും ഇലക്ട്രോണിക് വസ്തുക്കളും മിനിറ്റുകൾക്കുള്ളിൽ വീട്ടുപടിക്കൽ എത്തിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ സേവനങ്ങളെ പ്രശംസിച്ച് ഒരു പോളിഷ് വ്ലോഗർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

പോളിഷ് വ്ലോഗറായ ഡൊമിനിക്ക പടലാസ്-കൽറ ആണ് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ബ്ലിങ്കിറ്റ് (Blinkit) വഴി ഫോട്ടോ പ്രിന്റ് ചെയ്ത് വരുത്തിയ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിലെ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും ഒരു ഇന്ത്യൻ ആപ്പിൽ ഫോട്ടോ പ്രിന്റിംഗ് സേവനം ലഭ്യമാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അവർ പറയുന്നു.

21 മിനിറ്റിൽ ഫോട്ടോ വീടുകളിൽ!

ബ്ലിങ്കിറ്റിൽ ബ്രൗസ് ചെയ്യുന്നതിനിടയിലാണ് ഫോട്ടോ പ്രിന്റിംഗ് ഓപ്ഷൻ ഡൊമിനിക്ക ശ്രദ്ധിക്കുന്നത്. തുടർന്ന് ഇത് പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. ഡോക്യുമെന്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, സാധാരണ ചിത്രങ്ങൾ എന്നിവയെല്ലാം ഇതിലൂടെ പ്രിന്റ് ചെയ്യാനാകും.

ലഭ്യമായ ഫോർമാറ്റുകൾ ലാർജ് (Large), ആൽബം (Album), സ്ക്വയർ (Square), പോളറോയ്ഡ് ശൈലിയിലുള്ള പ്രിന്റുകൾ എന്നിങ്ങനെയാണ്.

View post on Instagram
 

ഡെലിവറി സമയം വെറും 21 മിനിറ്റ് മാത്രമാണ് എടുത്തിരിക്കുന്നത്. ഏകദേശം 100 രൂപ മാത്രമാണ് ചെലവായിരിക്കുന്നത്. പാക്കറ്റ് തുറന്ന് ഫോട്ടോകൾ പരിശോധിച്ച ഡൊമിനിക്ക അതിശയിച്ചിരിക്കുന്നതായും വീഡിയോയിൽ കാണാം. വളരെ മികച്ച നിലവാരത്തിലുള്ള പ്രിന്റുകളാണ് തനിക്ക് ലഭിച്ചതെന്നും ഫലം കണ്ട് താൻ ഞെട്ടിപ്പോയെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിലെ ഇത്തരം സേവനങ്ങൾ തന്റെ ദൈനംദിന ജീവിതം വളരെ എളുപ്പമാക്കുന്നുണ്ടെന്നും, ഒപ്പം തന്നെ കൂടുതൽ മടിയുള്ളയാളാക്കുന്നുണ്ട് എന്നും അവർ തമാശരൂപേണ കൂട്ടിച്ചേർത്തു.

ഡൊമിനിക്കയുടെ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് അനുകൂലമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ സൗകര്യങ്ങളെയും സേവനങ്ങളെയും പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.