അമ്മയറിയാതെ ഒരേസമയം വീട്ടിലെത്തി ഒരു സർപ്രൈസ് നൽകി വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് പൈലറ്റ് സഹോദരന്മാർ. മക്കളെ അപ്രതീക്ഷിതമായി മുന്നിൽ കണ്ട അമ്മയുടെ പ്രതികരണം വൈറല്‍.
വീട്ടുകാർക്ക് സർപ്രൈസ് നൽകുന്നത് ഏറെപ്പേർക്കും ഇഷ്ടമുള്ള കാര്യമാണിന്ന്. അതുപോലെ, രണ്ട് പൈലറ്റ് സഹോദരന്മാർ തങ്ങളുടെ അമ്മയ്ക്ക് നൽകിയ ഒരു മനോഹരമായ സർപ്രൈസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനസ്സ് നിറയ്ക്കുന്നത്. വിവിധ നഗരങ്ങളിൽ ജോലി ചെയ്യുന്ന സഹോദരന്മാർ അമ്മയറിയാതെ ഒന്നിച്ച് വീട്ടിലെത്താൻ രഹസ്യമായി പദ്ധതിയിടുകയായിരുന്നു. നീതു ഭദാന എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു സഹോദരൻ വീട്ടിലേക്ക് കയറിവരുന്നതും മറ്റേയാൾ ഇത് ക്യാമറയിൽ പകർത്തുന്നതുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തുടർന്ന് ഇയാൾ മെല്ലെ അമ്മയുടെ മുറിയിലേക്ക് നടന്നുപോകുന്നു. പെട്ടെന്ന് മുന്നിൽ നിൽക്കുന്നത് ആരാണെന്ന് മനസ്സിലാകാതെ അമ്മ ആദ്യം ഒന്ന് അമ്മ അമ്പരക്കുന്നു, എന്നാൽ, നിമിഷങ്ങൾക്കകം തന്റെ മക്കളെ അവർ തിരിച്ചറിഞ്ഞു. പിന്നാലെ അവർ ഓടിച്ചെന്ന് രണ്ട് മക്കളെയും കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'രണ്ട് പൈലറ്റ് സഹോദരന്മാർ. ഒരു സർപ്രൈസ്', 'ഒരു അമ്മയ്ക്ക് ചോദിക്കാനാകുന്ന ഏറ്റവും മധുരമുള്ള സമ്മാനം' എന്നീ വരികളും വീഡിയോയിൽ കാണാം.
'അവർ വ്യത്യസ്ത നഗരങ്ങളിൽ നിന്ന് പറന്നിറങ്ങി, എല്ലാം ഒരുമിച്ച് പ്ലാൻ ചെയ്തു, എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല. പുലർച്ചെ വാതിലിലെ മുട്ട് വെറുമൊരു സർപ്രൈസ് ആയിരുന്നില്ല. ഒരു അമ്മ തന്റെ ഹൃദയത്തിൽ എന്നേക്കും സൂക്ഷിക്കുന്ന നിമിഷങ്ങളിൽ ഒന്നായി അത് മാറി. മക്കൾ വീട്ടിലെത്തുന്ന സന്തോഷത്തിന് പകരമായി മറ്റേത് വിലകൂടിയ സമ്മാനമുണ്ട്? ജീവിതം യഥാർത്ഥത്തിൽ മനോഹരമാക്കുന്നത് ഇത്തരം നിമിഷങ്ങളാണ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. എത്ര മനോഹരമായ നിമിഷം, ഇതിൽക്കൂടുതൽ അമ്മയ്ക്കെന്ത് വേണം തുടങ്ങിയ കമന്റുകളാണ് പലരും വീഡിയോയ്ക്ക് നൽകുന്നത്.
