'ഭാവിയിൽ ഞാൻ ആയിരക്കണക്കിന് യാത്രക്കാരെ കൊണ്ടുപോകും, എന്നാൽ എന്റെ പ്രിയപ്പെട്ട യാത്രക്കാരി എപ്പോഴും എന്റെ അമ്മയായിരിക്കും' എന്ന കുറിപ്പോടെയാണ് താനിഷ് വീഡിയോ അവസാനിപ്പിച്ചത്.
താൻ പറത്തുന്ന വിമാനത്തിൽ അമ്മ ആദ്യമായി യാത്രക്കാരിയായി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പൈലറ്റ് താനിഷ് അറോറ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താനിഷ് ഈ വൈകാരിക മുഹൂർത്തം പങ്കുവച്ചിരിക്കുന്നത്. 'ഞാൻ വിമാനം പറത്താൻ തുടങ്ങിയതിനുശേഷം ആദ്യമായിട്ടാണ് എന്റെ അമ്മ ഞാൻ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്തിൽ യാത്രക്കാരിയായി വരുന്നത്' എന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ താനിഷ് പറയുന്നത് കേൾക്കാം. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ താൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണെന്ന് അമ്മ മറുപടി നൽകുന്നുണ്ട്.
അമ്മയുടെ ചെക്ക് - ഇൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്തതായി വിമാനത്തിനുള്ളിൽ വെച്ചാണ് താനിഷ് അമ്മയെ കണ്ടത്. യാത്രയ്ക്ക് മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, 'നന്നായി, സുഖകരമായി വിമാനം പറത്തുക' എന്ന് അമ്മ പുഞ്ചിരിയോടെ പറയുന്നു. 'ചെറുപ്പത്തിൽ കൈപിടിച്ച് നടക്കാൻ പഠിപ്പിച്ച അമ്മയെ ഇന്ന് ഞാൻ ആകാശത്തൂടെ യാത്ര ചെയ്യിക്കുകയാണ്' എന്ന് താനിഷ് കൂട്ടിച്ചേർത്തു.
യാത്രയ്ക്ക് ശേഷം അനുഭവം ചോദിച്ചപ്പോൾ, 'വളരെ സന്തോഷം തോന്നുന്നു, ഏറെ അഭിമാനം തോന്നുന്നു' എന്ന് അമ്മ പ്രതികരിച്ചു. 'ഭാവിയിൽ ഞാൻ ആയിരക്കണക്കിന് യാത്രക്കാരെ കൊണ്ടുപോകും, എന്നാൽ എന്റെ പ്രിയപ്പെട്ട യാത്രക്കാരി എപ്പോഴും എന്റെ അമ്മയായിരിക്കും' എന്ന കുറിപ്പോടെയാണ് താനിഷ് വീഡിയോ അവസാനിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധിപ്പേരാണ് അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രകീർത്തിച്ചുകൊണ്ട് കമന്റുകൾ നൽകുന്നത്. എന്തൊക്കെ പറഞ്ഞാലും താൻ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യുന്ന ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള യാത്രക്കാരി എപ്പോഴും അമ്മ തന്നെയായിരിക്കും അല്ലേ?
