ഇന്ത്യയിലെ തകർന്ന റോഡുകളിലൂടെയുള്ള ആഡംബര വാഹനത്തിന്‍റെ ഇഴഞ്ഞ് നീങ്ങല്‍ കണ്ട വാഹന പ്രേമികള്‍ സങ്കട കുറിപ്പുകളുമായി വീഡിയോയ്ക്ക് താഴെ എത്തി. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നായിരുന്നു.
ആഡംബര കാർ പോർഷെ 911 കരേര, ഇന്ത്യന്‍ റോഡുകളിലൂടെ ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുന്ന വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ റോഡുകളുടെ പരിതാപകരമായ അവസ്ഥയും ഇന്ത്യയിലെ ആഡംബര കാറുകളെ കുറിച്ചും വലിയ ചര്‍ച്ച തന്നെ സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചു. തകർന്ന ഇന്ത്യന്‍ റോഡിലൂടെ വിലകൂടിയ കാർ ഓടിക്കുന്ന വീഡിയോ ഒരു ഓട്ടോ പ്രേമിയാണ് എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ചത്.
വീഡിയോയില്‍ റോഡ് എന്ന് പറയാന്‍ പറ്റില്ലെങ്കിലും വാഹനങ്ങൾ പോകുന്ന ഒരു റോഡിലൂടെ വളരെ പകുത്തെ ഇഴഞ്ഞ് നീങ്ങുന്ന പോഡഷെ കാർ കാണാം. ഫ്ലൈഓവറിന് അടിയിലൂടെയും ചെളി നിറഞ്ഞ റോഡിലെ കുഴികളില്‍ കയറി ഇറങ്ങിയും പോര്‍ഷെ 911 കരേര പതുക്കെ മുന്നോട്ട് നീങ്ങുന്നു. അല്പ നേരം ഇത്തരത്തില്‍ പല വഴികളിലൂടെ കയറി ഇറങ്ങിയ കാര്‍ ഒടുവില്‍ അത്യാവശ്യം കൊള്ളാവുന്ന ഒരു റോഡിലേക്ക് കയറിയതും അതിന്‍റെ വേഗം പെട്ടെന്ന് കൂടിയതും ഒരുമിച്ചായിരുന്നു.
Watch Video:വിവാഹ ചടങ്ങ് നിര്‍ത്തിവച്ച് കോലിയുടെ സെഞ്ച്വറി കണ്ട് വരനും വധുവും; വീഡിയോ വൈറൽ
Watch Video: മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിക്കിടെ ഭക്ഷണ പാത്രത്തിന് വേണ്ടി പൊരിഞ്ഞ അടി; വീഡിയോ വൈറൽ
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകൾക്കാണ് തുടക്കം കുറിച്ചത്. മോശം റോഡുകളിലൂടെ ഓടിക്കാന്‍ കാറുടമ പെടാപ്പാട് പെടുന്നുവെന്നായിരുന്നു ഒരു കുറിപ്പ്. ഇതുപോലുള്ള റോഡുകളിൽ ഓടിക്കാന്‍ വേണ്ടി മാത്രം 36 ലക്ഷം രൂപ റോഡ് നികുതി അടച്ച കാര്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. സമൂഹ മാധ്യമ കാഴ്ചക്കാരില്‍ മിക്കവരും കാറുടമയുടെ ഗതികേടിനെ കുറിച്ച് ആശങ്കപ്പെട്ടു. എന്നാല്‍ ആ വീഡിയോ ഒരു പ്രമോഷണല്‍ വീഡിയോയായിരുന്നു. പോര്‍ഷെ 911 കരേര എങ്ങനെയാണ് കഠിനമായ ഭൂപ്രകൃതിയെ നേരിടുന്നത് എന്നതിന് വേണ്ടി ചിത്രീകരിക്കപ്പെട്ട ഒരു പരസ്യ വീഡിയോയായിരുന്നു അത്. പോർഷെ ഇന്ത്യയുമായി സഹകരിച്ചാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടത്.
ഓട്ടോമോട്ടീവ് വിദഗ്ദ്ധനും ഇവോ ഇന്ത്യ മാസികയുടെ എഡിറ്ററുമായ സിരീഷ് ചന്ദ്രനാണ് വാഹനമോടിച്ചത്, അദ്ദേഹം തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ ആദ്യം പങ്കുവച്ചതും. ഇന്ത്യയിൽ വാഹനം അതിജീവിക്കണമെങ്കിൽ പതുക്കെ വാഹനമോടിക്കുന്നതില്‍ പ്രാവീണ്യം നേടേണ്ടതാണ്. കാറിന്‍റെ ഇന്ത്യയിലെ അതിജീവന ശേഷി പരീക്ഷിക്കുന്നതിനായി ഞങ്ങൾ പുതിയ 911 ഇന്ത്യയിലൂടെ ഒരു റോഡ് യാത്ര നടത്തി. ഫലമോ? ഒരു പഞ്ചറോ പോറലോ പോലും ഉണ്ടായില്ല. ഒരു മുന്നറിയിപ്പ് വിളക്കും ഉണ്ടായില്ല. ദില്ലി മുതൽ പൂനെ വരെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന എല്ലാ വഴികളിലൂടെയും ഞങ്ങൾ 911 കരേരയെ കടത്തിവിട്ടു, അവൾ അതിജീവിച്ചു," അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
