ട്രെയിനിലെ എസി കോച്ചുകളിൽ നിന്ന് യാത്രക്കാർ ബെഡ്ഷീറ്റും പുതപ്പും മോഷ്ടിക്കുന്നത് കാരണം സ്വന്തം ശമ്പളത്തിൽ നിന്ന് പിഴയൊടുക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് പങ്കുവച്ച് റെയിൽവേ ജീവനക്കാരന്‍.
മോഷണം ചിലർക്കൊരു ശീലമാണ്. എവിടെ നിന്നായാലും മോഷ്ടിക്കാൻ മടി കാണിക്കാത്ത ചില ആളുകളുണ്ട്. അതുപോലെ തന്നെ ട്രെയിൻ യാത്രയ്ക്കിടയിൽ ബെഡ്ഷീറ്റോ പുതപ്പോ ഒക്കെ മോഷ്ടിച്ച് മുങ്ങുന്ന വിരുതന്മാരും ഉണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതേ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. ഈ മോഷണം കാരണം റെയിൽവേക്ക് കനത്ത നഷ്ടം തന്നെയാണ് ഉണ്ടായത്. എന്നാൽ, ആരോ മോഷ്ടിച്ചിട്ട് പോയതിന്റെ പേരിൽ പണി കിട്ടിയത് ഒരു പാവം റെയിൽവേ ജീവനക്കാരനാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എസി കോച്ചുകളിലെ ബെഡ്ഷീറ്റുകളും പുതപ്പും ഒക്കെ കൊണ്ടുകൊടുക്കുന്ന ഒരു ഇന്ത്യൻ റെയിൽവേ ജീവനക്കാരനാണ് തന്റെ ദുരനുഭവം ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. തന്റെ ഷിഫ്റ്റിനിടയിൽ യാത്രക്കാർ മോഷ്ടിക്കുന്ന ഓരോ സാധനത്തിന്റെയും തുക സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.
സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തുകയും, വിതരണം ചെയ്യുന്ന രീതികളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടും യാത്രക്കാരുടെ മോഷണം തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 'ഇങ്ങനെയുള്ള ആളുകളെക്കുറിച്ച് കൂടി ദയവായി ചിന്തിക്കൂ' എന്ന കുറിപ്പോടെയാണ് യൂട്യൂബർ നവീൻ സിംഗ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എസി കോച്ചുകളിൽ ബെഡ്ഷീറ്റും ടവ്വലും പുതപ്പും വിതരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന അമിത് യാദവ് എന്ന റെയിൽവേ ജീവനക്കാരനെയാണ് വീഡിയോയിൽ കാണിക്കുന്നത്. ട്രെയിനുകളിൽ നിന്ന് ആളുകൾ വ്യാപകമായി ഇവയൊക്കെ മോഷ്ടിക്കാറുണ്ടെന്നും അതിന്റെ ഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് താനാണെന്നും അമിത് പറയുന്നു.
തനിക്ക് ലഭിക്കുന്ന 14,000 രൂപ ശമ്പളത്തിൽ നിന്ന്, സാധനങ്ങൾ കാണാതായതിനെ തുടർന്ന് ഒരിക്കൽ 5,000 രൂപ പിഴയായി ഒടുക്കേണ്ടി വന്ന അനുഭവവും യാദവ് പങ്കുവെക്കുന്നു. ഈ സംഭവത്തിന് ശേഷം താൻ കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയെങ്കിലും യാത്രക്കാരുടെ മോഷണം അവസാനിച്ചില്ല. ഡെൽഹിയിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ നടന്ന സംഭവവും അദ്ദേഹം ഓർത്തെടുത്തു. ഒരു യാത്രക്കാരൻ ടവ്വൽ ആവശ്യപ്പെടുകയും എന്തുകൊണ്ടാണ് ഇത് മുൻകൂട്ടി നൽകാത്തതെന്ന് ചോദിക്കുകയും ചെയ്തു. ആളുകൾ ഇത് മോഷ്ടിക്കുന്നത് കൊണ്ടാണ് ആവശ്യപ്പെടുമ്പോൾ മാത്രം നൽകുന്നതെന്ന് ജീവനക്കാരൻ മറുപടി നൽകി. എന്നാൽ ഈ സംഭാഷണത്തിന് ശേഷവും ആ യാത്രക്കാരൻ ടവ്വലുമായി കടന്നുകളഞ്ഞു എന്നാണ് അമിത് പറയുന്നത്. 'ദയവായി മോഷണം നിർത്തൂ' എന്ന് പറഞ്ഞുകൊണ്ട്, യാത്രക്കാരുടെ ഈ ലജ്ജാകരമായ പ്രവൃത്തിയെ യൂട്യൂബർ നവീൻ സിംഗ് വീഡിയോയുടെ അവസാനം രൂക്ഷമായി വിമർശിക്കുന്നുണ്ട്.
വളരെ രൂക്ഷമായിട്ടാണ് വീഡിയോ കണ്ടവർ പ്രതികരിച്ചത്. ഇന്ത്യക്കാർക്ക് യാതൊരു വിധത്തിലുള്ള സിവിക് സെൻസുമില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.
