ദിവസവും ഭക്ഷണം നൽകാറുള്ള തെരുവ് പശുക്കൾക്ക് തനിക്ക് എത്താൻ കഴിയാത്തതിനാൽ സൊമാറ്റോ വഴി ചപ്പാത്തി ഓർഡർ ചെയ്ത യുവതി. ഈ അഭ്യർത്ഥനയിൽ ആകൃഷ്ടനായ ഡെലിവറി ഏജന്റ്, പണം വാങ്ങാതെ ആ ഭക്ഷണം പശുക്കൾക്ക് നൽകി. ഇരുവരുടെയും മനുഷ്യത്വപരമായ ഈ പ്രവൃത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സമൂഹ മാധ്യമങ്ങളിൽ ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയൊരു വീഡിയോയെ കുറിച്ചാണ്. അങ്ങേയറ്റം മനുഷ്യത്വവും കരുണയും ചേർന്നതെന്നായിരുന്നു വീഡിയോയ്ക്ക് വന്ന അഭിനന്ദനം. അതേസമയം പരിഹാസത്തിനും കുറവില്ലായിരുന്നു. ദിവസവും ക്ഷേത്രത്തിന് സമീപത്ത് എത്തുന്ന മൂന്ന് തെരുവ് പശുക്കൾക്ക് ഭക്ഷണം നൽകാനായി ഒരു യുവതി കണ്ടെത്തിയ മാർഗത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അവയുടെ വിശപ്പ് അടക്കുന്നതിനായി എന്നും ചപ്പാത്തി എത്തിക്കുന്നതിന് യുവതി ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ വഴി ചപ്പാത്തി ഓർഡർ ചെയ്യുകയും, അത് പശുക്കൾക്ക് നൽകണമെന്ന് ഡെലിവറി ഏജന്‍റിനോട് അഭ്യർഥിക്കുകയും ചെയ്തു. ഡെലിവറി ഏജന്‍റാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
'ആ ചപ്പാത്തികൾ പശുക്കൾക്ക് നൽകുമോ?'
വീഡിയോയിൽ, ഓർഡർ നൽകിയ സ്ഥലത്തെത്തിയ ഡെലിവറി പങ്കാളി ഉപഭോക്താവിനെ ഫോണിൽ വിളിക്കുന്നത് കാണാം. ക്ഷേത്രത്തിന് സമീപം മൂന്ന് പശുക്കൾ ഇരിക്കുന്നുണ്ടോയെന്ന് യുവതി ആദ്യം ഉറപ്പ് വരുത്തുന്നു. തുടർന്ന്, താൻ ഓർഡർ ചെയ്ത ചപ്പാത്തി അവയ്ക്ക് കൊടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഈ അഭ്യർഥന കേട്ട് അതിശയിച്ച് അവിശ്വാസത്തോടെ ഡെലിവറി ഏജന്‍റ് “പശുക്കൾക്കായിട്ടാണോ ഈ ഓർഡർ?” എന്ന് ചോദിക്കുന്നതും യുവതി അതെ എന്ന് മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാം.
'മിണ്ടാപ്രാണികൾ വിശന്ന് കിടക്കരുതല്ലോ'
പിന്നാലെ ഡെലിവറി ഏജന്‍റിന്‍റെ സംശയം മാറ്റാൻ യുവതി തന്‍റെ പതിവിനെക്കുറിച്ച് വിശദീകരിച്ചു. ദിവസവും വീട്ടിൽ മൂന്ന് അധിക ചപ്പാത്തികൾ തയ്യാറാക്കി ഈ പശുക്കൾക്ക് നൽകാറുണ്ടെന്നും, എന്നാൽ, അന്നത്തെ ദിവസം മറ്റൊരു ആവശ്യത്തിനായി പുറത്തുപോകേണ്ടി വന്നതിനാൽ അവയ്ക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും അവ ഭക്ഷണം കിട്ടാതെ പോകരുതെന്ന കരുതലിലാണ് സൊമാറ്റോ വഴി ചപ്പാത്തി ഓർഡർ ചെയ്തതെന്നും അവർ പറയുന്നു. താനിക്ക് നേരിട്ട് എത്താൻ കഴിയാത്ത സാഹചര്യത്തിലും പശുക്കൾ വിശന്നിരിക്കരുതെന്ന ചിന്തയാണ് ഈ വ്യത്യസ്ത തീരുമാനത്തിന് പിന്നിലെന്ന് അവരുടെ സംഭാഷണത്തിൽ വ്യക്തമാണ്.
'ആ ഭക്ഷണം എന്‍റെ വക'
യുവതിയുടെ ഈ പ്രവർത്തിയിൽ ആകർഷിതനായ ഡെലിവറി ഏജന്‍റ് ഒരു തീരുമാനം എടുക്കുന്നു. ആ ഭക്ഷണ ഓർഡറിന്‍റെ തുക വാങ്ങുന്നില്ലെന്നും പശുക്കൾക്കുള്ള തന്‍റെ ചെറിയ സമ്മാനമായി ഈ ഭക്ഷണം നൽകുകയാണെന്നും അദ്ദേഹം യുവതിയെ അറിയിച്ചു. പിന്നാലെ അദ്ദേഹം തന്നെ ചപ്പാത്തി പശുക്കൾക്ക് നൽകി സ്നേഹത്തോടെ അവയെ തഴുകുന്നതും വീഡിയോയിൽ കാണാം. “Zomato for Cow” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ യുവതിയുടെയും ഡെലിവറി ഏജന്‍റിന്‍റെയും പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. ജീവിതത്തിലെ തിരക്കുകൾക്കിടയിലും മറ്റുജീവികളുടെ വിശപ്പിനെക്കുറിച്ച് ചിന്തിച്ച യുവതിയുടെ മനസ്സിനെയും, പ്രതിഫലം വാങ്ങാതെ സഹായിക്കാൻ തയ്യാറായ ഡെലിവറി ഏജന്‍റിന്‍റെ കരുണയെയും ഏറെ പേർ പ്രശംസിച്ചു. ഇന്നത്തെ ദിവസം കണ്ട ഏറ്റവും ഹൃദയസ്പർശിയായ വീഡിയോ എന്നും ഇരുവരും ഹൃദയം കീഴടക്കി എന്നും ഇത്തരത്തിലുള്ള പ്രവർത്തികളാണ് മനുഷ്യസ്നേഹത്തിന്‍റെ യഥാർഥ ഉദാഹരണമെന്നുമുള്ള അഭിനന്ദന കുറിപ്പുകളിൽ സമ്പന്നമാണ് വീഡിയോ.


