ഭയം കാരണം ഡ്രൈവറെ കുറഞ്ഞത് 10 തവണയെങ്കിലും വിളിച്ചെങ്കിലും നരേഷ് ഫോൺ കട്ട് ചെയ്യുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ലെന്ന് ശർമ്മ പറഞ്ഞു. ഓരോ തവണയും ക്ഷമയോടെ സംസാരിക്കുകയും താൻ എവിടെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ വാലറ്റ് ഭദ്രമായി തിരികെ ലഭിച്ചു.
യാത്രക്കാരൻ മറന്നുവച്ച വാലറ്റ് സുരക്ഷിതമായി തിരികെയെത്തിച്ച ഡ്രൈവർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. യാത്രക്കാരന് ടെൻഷനാവാതിരിക്കാൻ തന്റെ ലൈവ് ലൊക്കേഷൻ കൂടി ഡ്രൈവറായ നരേഷ് പങ്കുവച്ചിരുന്നു. 102 ഡിഗ്രി പനിയെ തുടർന്ന് ആശുപത്രിയിൽ പോകവേയാണ് റാപ്പിഡോ ഓട്ടോയിൽ വച്ച് യാത്രക്കാരന്റെ വാലറ്റ് നഷ്ടപ്പെട്ടത്. ഡ്രൈവറുടെ സത്യസന്ധതയെയും ക്ഷമയെയും പ്രശംസിച്ച് യാത്രക്കാരൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പാർവ് ശർമ്മ എന്ന യാത്രക്കാരനാണ് സംഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. കഠിനമായ പനി കാരണം വാഹനം ഓടിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഭാര്യയോടൊപ്പം കൊണ്ടപൂരിലെ കിംസ് ആശുപത്രിയിലേക്ക് റാപ്പിഡോ ഓട്ടോയിലാണ് ഇയാൾ പോയത്.
ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങിയ ശേഷമാണ് വാലറ്റ് കാണാനില്ലെന്ന വിവരം ശർമ്മ അറിയുന്നത്. പനിയും തലവേദനയും ശരീരവേദനയും കാരണം താൻ ഏറെ പരിഭ്രാന്തനായതായി ഇയാൾ പറഞ്ഞു. ഉടൻ തന്നെ റാപ്പിഡോ ഡ്രൈവറെ ബന്ധപ്പെട്ട് പിൻസീറ്റ് പരിശോധിക്കാൻ അഭ്യർത്ഥിച്ചു. വാലറ്റ് കിട്ടിയെന്നും അത് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഒന്നര മണിക്കൂറിനുള്ളിൽ തിരികെ എത്തിക്കാമെന്നും ഡ്രൈവർ അറിയിച്ചു.
ശർമ്മയ്ക്ക് തന്റെ യാത്ര ട്രാക്ക് ചെയ്യാനും ആശങ്ക ഒഴിവാക്കാനുമായി നരേഷ് വാട്ട്‌സ്ആപ്പിൽ ലൈവ് ലൊക്കേഷനും പങ്കുവെച്ചു. ഭയം കാരണം ഡ്രൈവറെ കുറഞ്ഞത് 10 തവണയെങ്കിലും വിളിച്ചെങ്കിലും നരേഷ് ഫോൺ കട്ട് ചെയ്യുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ലെന്ന് ശർമ്മ പറഞ്ഞു. ഓരോ തവണയും ക്ഷമയോടെ സംസാരിക്കുകയും താൻ എവിടെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ വാലറ്റ് ഭദ്രമായി തിരികെ ലഭിച്ചു.
നരേഷിനെ വളരെ സത്യസന്ധനായ വ്യക്തി എന്നാണ് ശർമ്മ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് ബോണസോ മറ്റ് സമ്മാനങ്ങളോ നൽകി ആദരിക്കണമെന്ന് റാപ്പിഡോയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും െചയ്തു. 'താങ്ക് യൂ അണ്ണാ, റാപ്പിഡോ ഇദ്ദേഹത്തിന് അർഹമായ പ്രതിഫലവും അംഗീകാരവും നൽകണം, ദയവായി സാധ്യമായ രീതിയിൽ സഹായിക്കുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ റാപ്പിഡോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും പ്രതികരണവുമായെത്തി. ഉപഭോക്താക്കൾക്കായി മുന്നിട്ടിറങ്ങുന്ന ക്യാപ്റ്റൻമാരെ അഭിനന്ദിക്കുന്നുവെന്നും ശർമ്മയുടെ പ്രശംസ ബന്ധപ്പെട്ട ഡ്രൈവറിലേക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു.
