സിംഹത്തോട് ഗര്‍ജ്ജിച്ച് സിംഹിണി. ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന അപൂര്‍വ ദൃശ്യങ്ങള്‍ വൈറലായി മാറുന്നു. വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫര്‍ ഊർമിൾ ജാവേരിയാണ് ഈ അപൂര്‍വ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. 

കാട്ടിൽ നിന്നുള്ള പല കാഴ്ചകളും കൗതുകം നിറഞ്ഞവയാണ്. അതുപോലെ, ഗുജറാത്തിലെ ഗിർ നാഷണൽ പാർക്കിൽ നിന്നുള്ള അപൂർവമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കാട്ടിലെ രാജാവായ സിംഹത്തെ വെല്ലുവിളിക്കുന്ന ഒരു സിംഹിണിയുടെ കരുത്താണ് വീഡിയോയിലെ പ്രധാന ആകർഷണം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഊർമിൾ ജാവേരിയാണ് ഈ അപൂർവദൃശ്യം പകർത്തിയിരിക്കുന്നത്. വീഡിയോയിൽ, ഒരു ആൺസിംഹവും പെൺസിംഹവും തമ്മിലുള്ള ഉഗ്രമായ ഏറ്റുമുട്ടലാണ് കാണുന്നത്. സിംഹത്തിന്റെ ഗർജ്ജനത്തിന് അതേപോലെ തന്നെ മറുപടി നൽകുന്ന സിംഹിണിയെയാണ് വീഡിയോയിൽ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഘട്ടത്തിൽ പെൺസിംഹത്തിന്റെ ഗർജ്ജനത്തിന് മുന്നിൽ സിംഹരാജാവ് ശാന്തനാകുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം ഇത് വെറുമൊരു വെല്ലുവിളിയോ പോരാട്ടമോ ഒന്നുമല്ല എന്നാണ് വിദ​ഗ്‍ദ്ധർ പറയുന്നത്. ഇണചേരുന്നതിന് മുൻപായി പെൺസിംഹങ്ങൾ ആൺസിംഹത്തിന്റെ കരുത്തും പ്രഭാവവും പരിശോധിക്കാറുണ്ടത്രെ. കുഞ്ഞുങ്ങളെയും തന്നെയും സംരക്ഷിക്കാൻ ആൺസിംഹത്തിന് ശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ഒരു രീതിയാണിതെന്ന് ഊർമിൾ ജാവേരി കുറിച്ചിരിക്കുന്നതായി കാണാം. എന്തായാലും അതിനുശേഷം ഇരുവരും ശാന്തരായി ഇണചേരുന്നതിലേക്കാണ് നീങ്ങുന്നത്.

View post on Instagram

വീഡിയോ പിന്നീട് ഗുജറാത്ത് ടൂറിസത്തിന്റെ ഔദ്യോഗിക പേജിലും പങ്കുവെച്ചു. 'രാജ്ഞി ദേഷ്യപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നതാണ് ബുദ്ധിയെന്ന് രാജാവിനും അറിയാം' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അവർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വന്യജീവി ലോകത്തെ ഈ അപൂർവ നിമിഷം പകർത്തിയതിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സമാനമായി, അടുത്തിടെ കർണാടകയിലെ ഭദ്ര ടൈഗർ റിസർവിൽ ഒരു കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നിച്ച് വെള്ളം കുടിക്കുന്ന ദൃശ്യങ്ങളും ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങളും വളരെ വേ​ഗത്തിൽ വൈറലാവുകയും അപൂർവദൃശ്യമെന്ന് അനേകങ്ങൾ കമന്റ് നൽകുകയും ചെയ്തിരുന്നു.