തെരുവിലൂടെ നടന്നുനീങ്ങുന്ന കാണ്ടാമൃഗം! വൈറലായി നേപ്പാളില്‍ നിന്നുള്ള വീഡിയോ. യുകെയിൽ നിന്നുള്ള ഡാൻ കൂപ്പർ എന്ന സഞ്ചാരിയാണ് തനിക്ക് തൊട്ടരികിലൂടെ കൂളായി കടന്നുപോയ കാണ്ടാമൃഗത്തിന്റെ വീഡിയോ പങ്കുവെച്ചത്. 

നേപ്പാളിലെ ഒരു തെരുവിലൂടെ കൂളായി നടന്നുപോകുന്ന ഒരു കൂറ്റൻ കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. യുകെയിൽ നിന്നുള്ള ഡാൻ കൂപ്പർ എന്ന സഞ്ചാരിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ അപൂർവമായ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. നേപ്പാളിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ ചിത്വാൻ നാഷണൽ പാർക്കിന് സമീപമുള്ള സൗരഹ എന്ന പട്ടണത്തിൽ നിന്നാണ് ഈ കൗതുകകരമായ ദൃശ്യം പകർത്തിയിരിക്കുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കൂപ്പർ, തനിക്ക് തൊട്ടരികിലൂടെ ഒരു കൂറ്റൻ കാണ്ടാമൃഗം യാതൊരു ഭയവുമില്ലാതെ നടന്നുപോകുന്നത് കണ്ട് ആകെ അന്തംവിട്ട് നിന്നു പോവുകയായിരുന്നു.

കണ്ടാമൃ​ഗം ഇപ്പോൾ തന്റെ തൊട്ടരികിലൂടെ നടന്നുപോയി എന്ന കുറിപ്പോടെയാണ് കൂപ്പർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. വീഡിയോ വൈറലായി മാറിയതോടെ നിരവധി കമന്റുകളും വന്നു. 'നമ്മൾ നമ്മുടെ വഴിക്ക് പോകുമ്പോൾ ഒരു കാണ്ടാമൃഗം ആ തെരുവിന്റെ ഉടമയെ പോലെ നടന്നുപോകുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ' എന്നാണ് അതിശയത്തോടെ ഒരാൾ കുറിച്ചിരിക്കുന്നത്.

View post on Instagram

'ഇതൊരു അത്ഭുതകരമായ കാഴ്ചയാണ്, അതേസമയം പേടിപ്പെടുത്തുന്നതും. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. വന്യജീവികളും മനുഷ്യരും തമ്മിൽ ഇങ്ങനെ ഇടകലർന്ന് ജീവിക്കുന്നതിനെ കുറിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തി. നേപ്പാളിൽ വന്യജീവികൾ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

സൗരഹ

അതേസമയം തന്നെ ചിത്വാൻ നാഷണൽ പാർക്കിലേക്ക് പ്രവേശിക്കുന്ന സൗരഹയിൽ ഇത്തരം കാഴ്ചകൾ അത്ര അപൂർവമല്ല. കാണ്ടാമൃഗങ്ങൾ, ആനകൾ, മാനുകൾ തുടങ്ങിയവ പലപ്പോഴും ജനവാസ മേഖലകളിൽ എത്താറുണ്ട്.