പുതിയതായി നൽകിയ ഗോദ്‌റേജ് ഫ്രിഡ്ജും വാഷിംഗ് മെഷീനും തകർത്ത നിലയിലാണ്. വാഷിംഗ് മെഷീന്റെ ഭാഗങ്ങൾ ഇളകി കിടക്കുകയാണ്. സോഫ പൂർണ്ണമായും നശിച്ചു. ഡ്രോയറുകൾ അടയാത്ത വിധം കേടായിരിക്കുന്നു.

വാടകയ്ക്ക് വീട് നൽകുമ്പോൾ പല ഉടമകളും പറയുന്ന കാര്യമാണ് വീട് നന്നായി സൂക്ഷിക്കണേ എന്ന്. എന്നാൽ, അങ്ങനെ വാടകയ്ക്ക് നൽകിയ പുതിയ ഫുള്ളി ഫർണിഷ്ഡ് വീട് മോശമായ അവസ്ഥയിലാക്കിയെന്ന് കാണിച്ച് ഉടമയായ ഡോ. ക്ഷിതി സോണി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വർഷം മുമ്പ് മാത്രം വാടകയ്ക്ക് നൽകിയ വീടിന്റെയും സാധനങ്ങളുടെയും അവസ്ഥ കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് ഇവർ പറയുന്നത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വീടിന്റെയും വീട്ടിലെ സാധനങ്ങളുടെയും തകർന്ന അവസ്ഥ ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, സോഫ, ഡ്രോയറുകൾ, സീലിംഗ്, ബാൽക്കണി എന്നിവയെല്ലാം അതിദയനീയമായ അവസ്ഥയിലാണ്. ഭാവിയിൽ തന്റെ കുടുംബത്തിന് താമസിക്കാൻ കൂടി ഉപകരിക്കുമെന്ന കരുതലോടെയാണ് എല്ലാ സാധനങ്ങളും പുതിയത് വാങ്ങി വീട് ഫർണിഷ് ചെയ്ത് നൽകിയതെന്ന് ഇവർ പറഞ്ഞു.

പുതിയതായി നൽകിയ ഗോദ്‌റേജ് ഫ്രിഡ്ജും വാഷിംഗ് മെഷീനും തകർത്ത നിലയിലാണ്. വാഷിംഗ് മെഷീന്റെ ഭാഗങ്ങൾ ഇളകി കിടക്കുകയാണ്. സോഫ പൂർണ്ണമായും നശിച്ചു. ഡ്രോയറുകൾ അടയാത്ത വിധം കേടായിരിക്കുന്നു. സീലിംഗ് ഷീറ്റുകൾക്കും ബാൽക്കണിക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. വീട് വളരെ വൃത്തിഹീനമായ രീതിയിലാണ് ഉള്ളത്.

പെൺകുട്ടികളാണ് വീട് വാടകയ്ക്കെടുത്തിരുന്നത് എന്നതിനാൽ വീട് നന്നായി നോക്കുമെന്നാണ് കരുതിയതെന്നും എന്നാൽ വലിയ നിരാശയാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. 'വാടക നൽകുന്നുണ്ടെന്ന് കരുതി വീട് തോന്നുംപടി ഉപയോഗിക്കാനുള്ളതല്ല'. വാടക വാങ്ങുന്നുണ്ടെന്ന പേരിൽ വസ്തുക്കൾ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram
 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ‌'വാടക നൽകുന്നുണ്ടെന്ന് കരുതി ഒരാളുടെ സ്വത്ത് നശിപ്പിക്കാൻ അവകാശമില്ല', വാടകക്കാർ വീടിനോട് ഒരു ബഹുമാനമൊക്കെ കാണിക്കണം', 'ഇതുകൊണ്ടാണ് ഉടമകൾ വലിയ തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെടുന്നത്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.