ഒന്ന് കാല് തെറ്റിയാല്‍; ഇത് 2025 തന്നെയാണോ, എന്തൊരപകടം? വിദ്യര്‍ത്ഥികള്‍ നദി കടക്കുന്നത് ഇങ്ങനെ, വീഡിയോ
ഹിമാലയൻ പർവത നിരകളാണ് വീഡിയോയിൽ പശ്ചാത്തലത്തിൽ കാണുന്നത്. ഒരു നദി ഒഴുകുന്നതും കാണാം. ആ നദിക്ക് അപ്പുറമാണ് സ്കൂൾ എന്നാണ് കരുതുന്നത്.

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇന്നും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ട് സ്കൂളിൽ പോകുന്ന കുട്ടികളുണ്ട്. വിദ്യാഭ്യാസമേ സ്വപ്നമായി മാറിയ കുട്ടികളും ഉണ്ട്. എന്തായാലും, അതികഠിനമായ സാഹചര്യങ്ങളെ മറികടന്ന് സ്കൂളിൽ പോകുന്ന കുട്ടികളുണ്ട് ഇവിടെ എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
നടുക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് tribhchauhan എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു ട്രോളിയിൽ കയറി നദി മുറിച്ചു കടന്ന് സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളെയാണ്. ഉത്തരാഖണ്ഡിൽ നിന്നുള്ള വീഡിയോയാണ് ഇത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നത്. ഹിമാലയൻ പർവത നിരകളാണ് വീഡിയോയിൽ പശ്ചാത്തലത്തിൽ കാണുന്നത്. ഒരു നദി ഒഴുകുന്നതും കാണാം. ആ നദിക്ക് അപ്പുറമാണ് സ്കൂൾ എന്നാണ് കരുതുന്നത്.
സ്കൂളിലേക്കെത്താനായി വിദ്യാർത്ഥികൾ ഒരു കയറിൽ ഒരു ട്രോളി ഘടിപ്പിച്ച് അതിൽ കയറിയാണ് അക്കരേയ്ക്ക് പോകുന്നത് എന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഒരാൾ ഇത് 2025 തന്നെ അല്ലേ എന്ന് ആശ്ചര്യം പ്രകടിപ്പിക്കുന്നതും കാണാം. 2025 ആയിട്ടും വികസനം എത്തിയിട്ടില്ലാത്ത പല ഉൾപ്രദേശങ്ങളും ഇന്നും ഉണ്ട്. വീഡിയോയിൽ യൂണിഫോം ധരിച്ച രണ്ട് പെൺകുട്ടികൾ ഒരു ട്രോളിയിൽ കയറുന്നത് കാണാം. കയറിൽ ഘടിപ്പിച്ച ഇത് പതിയെ നദിക്ക് അക്കരേയ്ക്ക് സഞ്ചരിക്കുകയാണ്. പെൺകുട്ടികൾ അവിടെയെത്തി ഇറങ്ങുന്നതും കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇന്നും ഇതുപോലെയുള്ള സ്ഥലങ്ങളുണ്ടോ എന്ന ആശങ്കയാണ് ചിലർ പ്രകടിപ്പിച്ചത്. മറ്റൊരാൾ ഇത് അവിടുത്തെ എംഎൽഎയെ കാണിച്ചുകൊടുക്കൂ എന്ന് കമന്റ് നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് സമാനമായ കമന്റുകൾ നൽകിയിരിക്കുന്നത്.