ഹോം ലോൺ തിരിച്ചടവിനായി ജീവിതകാലം മുഴുവൻ ജോലി ചെയ്യുന്നവർക്ക് തങ്ങൾ കഷ്ടപ്പെട്ട് വാങ്ങിയ വീടുകളിലെ സൗകര്യങ്ങൾ ആസ്വദിക്കാൻ പോലും സമയം ലഭിക്കുന്നില്ല.

കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം വലിയ ഹോം ലോണുകൾക്കായി മുടക്കുന്ന യുവജനങ്ങൾക്ക് ഗൗരവകരമായ മുന്നറിയിപ്പുമായി മുംബൈയിൽ നിന്നുള്ള ഒരു യുവതി. കോടികൾ വിലവരുന്നതും ലക്ഷങ്ങൾ വാടകയുള്ളതുമായ ഒരു ആഡംബര റസിഡൻഷ്യൽ സൊസൈറ്റിയിലെ ദൃശ്യങ്ങളാണ് തിങ്കളാഴ്ച രാത്രി രുചി ദുബെ എന്ന യുവതി പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ഈ വൻകിട സൊസൈറ്റി സന്ദർശിച്ചപ്പോൾ അവിടുത്തെ ഗാർഡനും പാർക്കിംഗ് ഏരിയയും പൂർണ്ണമായും ഒഴിഞ്ഞുകിടക്കുന്നതാണ് കണ്ടത് എന്നാണ് രുചി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ആളുകൾ ഇത്രയും പണം മുടക്കി വാങ്ങുന്ന വീടുകളിലെ ആഡംബര സൗകര്യങ്ങൾ ആസ്വദിക്കാൻ പോലും സമയമില്ലാത്ത വിധം ജോലിക്കായി നെട്ടോട്ടമോടുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച രാത്രിയായതിനാൽ ഈ വലിയ സൊസൈറ്റിയുടെ പൊതുസ്ഥലങ്ങളെല്ലാം ആളില്ലാതെ ശൂന്യമായി കിടക്കുകയായിരുന്നു. ഹോം ലോൺ തിരിച്ചടവിനായി ജീവിതകാലം മുഴുവൻ ജോലി ചെയ്യുന്നവർക്ക് തങ്ങൾ കഷ്ടപ്പെട്ട് വാങ്ങിയ വീടുകളിലെ സൗകര്യങ്ങൾ ആസ്വദിക്കാൻ പോലും സമയം ലഭിക്കുന്നില്ല.

വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് എടുത്തുചാടുന്നതിന് മുമ്പ് യുവജനങ്ങൾ ദീർഘവീക്ഷണത്തോടെ ചിന്തിക്കണം. 'ഹോം ലോൺ കെണിയിൽ' വീണ് പിന്നീട് ഖേദിക്കേണ്ടി വരരുതെന്നും അവർ ഓർമ്മിപ്പിക്കുന്നു.

View post on Instagram
 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ഇത് തികച്ചും യാഥാർത്ഥ്യമാണ്', 'അവർ പറഞ്ഞതിൽ വലിയ കാര്യമുണ്ട്', 'സാമ്പത്തിക സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുണ്ട്' എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ചുള്ള ​ഗൗരവകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.