ഡാർജിലിംഗ് സ്വദേശിയായ സൗരവ് ധമാല എന്ന യുവാവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിംഗപ്പൂരിലെ ജീവിതത്തെയും ഇന്ത്യയിൽ നേരിടുന്ന വംശീയ വിവേചനത്തെയും കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. 

സിം​ഗപ്പൂരിലെ ജീവിതത്തെക്കുറിച്ചും സ്വന്തം നാട്ടിലെ അനുഭവങ്ങളെക്കുറിച്ചും ഡാർജിലിംഗ് സ്വദേശിയായ ഒരു യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. നിലവിൽ സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ് സൗരവ് ധമാല എന്ന യുവാവ്. ഇൻസ്റ്റഗ്രാമിലാണ് സൗരവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

സിംഗപ്പൂരിലെ തെരുവിലൂടെ നടന്നു നീങ്ങുന്ന സൗരവിനെ വീഡിയോയിൽ കാണാം. അവിടുത്തെ ജീവിതം എങ്ങനെയാണെന്നാണ് സൗരവ് വിവരിക്കുന്നത്. 'സിം​ഗപ്പൂരിൽ അതിജീവിക്കുക എന്നത് അല്പം കഠിനം തന്നെയാണ്. കാരണം, നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നോ നിങ്ങളുടെ ലുക്ക് എങ്ങനെ ആണെന്നോ ആരും ശ്രദ്ധിക്കില്ല. നിങ്ങളുടെ മൂല്യങ്ങളും പെരുമാറ്റരീതികളും ഒക്കെയാണ് അവിടെ നിങ്ങളുടെ വ്യക്തിത്വം. വ്യത്യസ്ത സംസ്കാരങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് എത്രത്തോളം പ്രധാനമാണെന്ന് അവർക്ക് അറിയാം. അതുകൊണ്ട് തന്നെ നിങ്ങളെ പുറത്ത് നിന്നുള്ള ഒരാളാണ് എന്നപോലെ ഇവിടെയാരും കണക്കാക്കാറില്ല' എന്നാണ് സൗരവ് പറയുന്നത്.

എന്നാൽ, അതേസമയം തന്നെ ഇന്ത്യയിലെ വംശീയ വിവേചനത്തെക്കുറിച്ചും സൗരവ് വീഡിയോയിൽ പറയുന്നത് കാണാം. സ്വന്തം നാട്ടുകാർക്കിടയിൽ വംശീയമായ അവഗണനകൾ നേരിടുമ്പോൾ, വിദേശത്തായിട്ടും സിംഗപ്പൂരിൽ താൻ കൂടുതൽ സുരക്ഷിതനാണെന്നാണ് സൗരവ് അവകാശപ്പെടുന്നത്.

'എന്റെ സ്വന്തം നാട്ടുകാർക്ക് നേരെ അവിടെ വംശീയ വിവേചനം നടക്കുമ്പോൾ, ഇവിടെ ഞാൻ കൂടുതൽ സുരക്ഷിതനാണെന്നാണ് എനിക്ക് തോന്നുന്നത്. വികസനത്തിന്റേയും സാമ്പത്തിക ഭദ്രതയുടേയും മാതൃക മാത്രമല്ല സിംഗപ്പൂർ, മറിച്ച് മനുഷ്യാവകാശങ്ങളും പൗരബോധവും എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം കൂടിയാണ് സിം​ഗപ്പൂർ' എന്നാണ് സൗരവ് പറഞ്ഞിുവെക്കുന്നത്. ഇന്ത്യയിൽ ജീവിക്കുന്നത് പോലെയുള്ള അനുഭവം വേണം എന്ന് തോന്നുകയാണെങ്കി സിംഗപ്പൂരിൽ തന്നെ അതിനായി നിരവധി സ്ഥലങ്ങളുണ്ടെന്നും സൗരവ് പറയുന്നു.

View post on Instagram

നിരവധിപ്പേരാണ് സൗരവ് പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേർ കമന്റുകളും നൽകി. 'സൗരവ് പറഞ്ഞത് തികച്ചും ശരിയാണ്, വിദ്യാഭ്യാസവും പെരുമാറ്റവുമാണ് പ്രധാനം' എന്ന് ചിലർ കുറിച്ചപ്പോൾ, 'അതിജീവനം പ്രയാസമാണെന്ന് പറഞ്ഞ് തുടങ്ങിയിട്ട് സിംഗപ്പൂർ നല്ലതാണെന്ന് പറയുന്നത് എന്തിനാണ്' എന്നും ചിലർ കമന്റ് നൽകിയിട്ടുണ്ട്.