വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ജോലിസ്ഥലത്തെ ബാഗുമായി അച്ഛൻ ഒരു നീണ്ട ദിവസത്തിനുശേഷം വീട്ടിലേക്ക് പ്രവേശിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
മക്കളുടെ നേട്ടത്തിൽ മാതാപിതാക്കൾ വൈകാരികമായി പ്രതികരിക്കുകയും സന്തോഷിക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഇത്തരം പ്രതികരണങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വരാറുണ്ട്. അത്തരത്തിൽ ഒരു വൈകാരിക നിമിഷം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഒരു മനുഷ്യൻ തൻറെ മകൻ ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ആയി മാറിയ വാർത്ത കേൾക്കുമ്പോൾ സന്തോഷാശ്രുക്കൾ പൊഴിക്കുന്ന ഹൃദയസ്പർശിയായ നിമിഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയ്ക്ക് വളരെയധികം പേരാണ് കമന്റുകൾ നൽകിയത്.
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ജോലിസ്ഥലത്തെ ബാഗുമായി അച്ഛൻ ഒരു നീണ്ട ദിവസത്തിനുശേഷം വീട്ടിലേക്ക് പ്രവേശിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യ അദ്ദേഹത്തെ കണ്ടുമുട്ടുകയും വികാരഭരിതമായ ശബ്ദത്തിൽ 'അവൻ സിഎ നേടി' എന്ന് പറയുകയും ചെയ്യുന്നു. ഇത് കേട്ടയുടനെ അച്ഛൻ ബാഗുകൾ താഴെയിടുന്നു, അദ്ദേഹത്തിൻറെ കണ്ണുകൾ നിറയുന്നു, മകനെ കെട്ടിപ്പിടിക്കുന്നു, അഭിമാനത്തോടെ അവനെ തലോടുന്നു. വികാരഭരിതയായി അമ്മയും അവിടെ നിൽക്കുന്നത് കാണാം.
ഈ വീഡിയോ അനേകം ആളുകളാണ് കണ്ടു കഴിഞ്ഞത്. ആ വൈകാരിക നിമിഷത്തിന് താഴെ സോഷ്യൽ മീഡിയ യൂസർമാർ ഏറെ വൈകാരികമായാണ് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. നിരവധിപേർ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. ചിലർ മക്കളുടെ നേട്ടത്തിനായി നിസ്വാർത്ഥമായി പ്രയത്നിക്കുന്ന മാതാപിതാക്കളെക്കുറിച്ച് വാചാലരായി. മറ്റു ചിലർ മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് ഒപ്പം കഠിനമായി അധ്വാനിച്ചു പഠിച്ച ആ ചെറുപ്പക്കാരനെ അഭിനന്ദിച്ചു. ഒരാൾ കുറിച്ചത്, 'സ്വന്തം മാതാപിതാക്കൾക്ക് ഇത്തരം ഒരു നിമിഷം സമ്മാനിക്കാൻ കഴിഞ്ഞ ആ മകൻ ഭാഗ്യവാനാണ്' എന്നായിരുന്നു.


