13 ജ്വല്ലറി സ്റ്റോറുകളും, ആറ് റെസ്റ്റോറന്റുകളും, ഒരു ലോക്കൽ പത്രവും, നാല് സൂപ്പർമാർക്കറ്റുകളും തനിക്ക് സ്വന്തമായിട്ടുണ്ട് എന്നും ടാക്സി ഡ്രൈവർ പറഞ്ഞു.
സംരംഭകനായ നവ് ഷാ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഫിജിയിൽ വച്ച് 86 വയസ്സുള്ള ഒരു ഊബർ ഡ്രൈവറെ പരിചയപ്പെട്ടതിന്റെ കഥയാണ് അദ്ദേഹം തന്റെ വീഡിയോയിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ഊബർ ഡ്രൈവർ വെറുമൊരു ഡ്രൈവർ മാത്രമല്ലെന്നും സ്വന്തമായി കമ്പനിയുള്ള ഒരു ബിസിനസുകാരനാണ് എന്നുമാണ് നവ് ഷാ പറയുന്നത്. വൃദ്ധനായ ഊബർ ഡ്രൈവറോട് എങ്ങനെയാണ് ചെലവുകളൊക്കെ നോക്കുന്നത് എന്നാണ് ഷാ ചോദിക്കുന്നത്. അപ്പോഴാണ് തനിക്കൊരു കമ്പനിയുണ്ട് എന്നും തന്റെ കമ്പനിയുടെ വാർഷിക വിറ്റുവരവ് 175 മില്യൺ ഡോളറാണെന്നും ഡ്രൈവർ പറയുന്നത്.
ഇതൊന്നും കൂടാതെ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി, എല്ലാ വർഷവും 24 പെൺകുട്ടികളുടെ വിദ്യാഭ്യാസം താൻ സ്പോൺസർ ചെയ്യുന്നുണ്ടെന്നും, ഊബർ ഓടിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇത് നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് പെൺമക്കളുടെ പിതാവാണ് താനെന്നും അവർക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകിയയെന്നും ഡ്രൈവർ പറയുന്നു. തന്റെ പെൺമക്കൾക്ക് പുറമേ മറ്റ് പെൺകുട്ടികളെ അവരുടെ സ്വപ്നം പിന്തുടരാൻ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
13 ജ്വല്ലറി സ്റ്റോറുകളും, ആറ് റെസ്റ്റോറന്റുകളും, ഒരു ലോക്കൽ പത്രവും, നാല് സൂപ്പർമാർക്കറ്റുകളും തനിക്ക് സ്വന്തമായിട്ടുണ്ട് എന്നും ടാക്സി ഡ്രൈവർ പറഞ്ഞു. ഇത് ഒറ്റയ്ക്ക് തുടങ്ങിയതാണോ എന്ന് ചോദിച്ചപ്പോൾ, 1929 -ൽ തന്റെ പിതാവ് വെറും അഞ്ച് പൗണ്ടുമായി ആരംഭിച്ച ബിസിനസാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 'യഥാർത്ഥ വിജയമെന്നത് നിങ്ങൾ എത്ര ഉയരം കീഴടക്കുന്നു എന്നതിലല്ല, ആ യാത്രയിൽ നിങ്ങൾ എത്രപേരെ കൈപിടിച്ചുയർത്തുന്നു എന്നതിൽ കൂടിയാണ്' എന്നും ഷാ കുറിച്ചിരിക്കുന്നതായി കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. എന്തൊരു മഹാനായ മനുഷ്യൻ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.


