കൈകൊണ്ട് എഴുതിയ കുറിപ്പുകൾ ഇത്രയും എളുപ്പത്തിൽ ഡിജിറ്റൽ രൂപത്തിലാക്കിയത് കണ്ട് പിതാവ് ആദ്യം അമ്പരന്നു പോയി. ഇത് യാഥാർത്ഥ്യമാണോ അതോ മാജിക്കാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.

ഇന്ന് പലരും പല ആവശ്യങ്ങൾക്കും ചാറ്റ്ജിപിടിയുടെ സഹായം തേടാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ആയുഷ് ശുക്ല എന്ന യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ പിതാവിനെ ചാറ്റ്‌ജിപിടി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ആശിഷിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ നോട്ട്ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന പിതാവിനോട് ആയുഷ് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് തിരക്കുന്നുണ്ട്. താൻ ആദ്യം വിവരങ്ങൾ റഫ് ആയി തയ്യാറാക്കിയ ശേഷം അത് കമ്പ്യൂട്ടറിലേക്ക് പകർത്തുകയാണെന്നാണ് പിതാവ് ഇതിന് മറുപടി നൽകുന്നത്.

തുടർന്ന് ഈ ജോലി ചാറ്റ്‌ജിപിടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്ന് ആയുഷ് അച്ഛന് പറഞ്ഞുകൊടുക്കുന്നു. ഇതിനായി ആപ്പ് തുറന്ന് ക്യാമറയിൽ നോട്ട്ബുക്കിലെ പേജിന്റെ ഫോട്ടോ എടുക്കാൻ അദ്ദേഹം പിതാവിനെ പഠിപ്പിക്കുന്നു. തുടർന്ന് ആ ഫോട്ടോയിലെ വിവരങ്ങൾ ഒരു ടേബിൾ രൂപത്തിലാക്കി മാറ്റാൻ ചാറ്റ്‌ജിപിടിയോട് ആവശ്യപ്പെടാൻ നിർദ്ദേശിക്കുന്നു. നിമിഷങ്ങൾക്കകം ചാറ്റ്‌ജിപിടി ആ വിവരങ്ങൾ മനോഹരമായൊരു ഡോക്യുമെന്റാക്കി മാറ്റുകയും ചെയ്തു.

കൈകൊണ്ട് എഴുതിയ കുറിപ്പുകൾ ഇത്രയും എളുപ്പത്തിൽ ഡിജിറ്റൽ രൂപത്തിലാക്കിയത് കണ്ട് പിതാവ് ആദ്യം അമ്പരന്നു പോയി. ഇത് യാഥാർത്ഥ്യമാണോ അതോ മാജിക്കാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. പരമ്പരാഗത രീതിയിൽ മണിക്കൂറുകളോളം ഇരുന്ന് ചെയ്യേണ്ടിയിരുന്ന ജോലി എത്ര പെട്ടെന്നാണ് തീർന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

രണ്ടാം ദിവസമായപ്പോഴേക്കും സങ്കീർണ്ണമായ ജോലികൾ മിനിറ്റുകൾക്കുള്ളിൽ ചെയ്തുതീർക്കാൻ ചാറ്റ്‌ജിപിടി സഹായിക്കുമെന്ന് പിതാവിന് ബോധ്യമായി. തുടർന്ന് മൂന്നാം ദിവസമായപ്പോഴേക്കും അച്ഛൻ ഇതിൽ 'പ്രൊ' ആയി മാറിയെന്നും, ആരുടെയും സഹായമില്ലാതെ അദ്ദേഹം തനിയെ ചാറ്റ്‌ജിപിടി ഉപയോഗിച്ച് ജോലികൾ ചെയ്യാൻ തുടങ്ങിയെന്നും ആയുഷ് വീഡിയോയിൽ പറയുന്നു.

View post on Instagram
 

ഈ മനോഹരമായ വീഡിയോയ്ക്ക് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കമന്റ് നൽകിയിരിക്കുന്നത്. 'വളരെക്യൂട്ട് ആയിരിക്കുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നമ്മുടെ മാതാപിതാക്കളെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്' എന്നായിരുന്നു മറ്റൊരു കമന്റ്.