പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തടയുന്നുവെന്നാരോപിക്കുന്ന വീഡിയോ വൈറലായി. നിരാഹാര സമരത്തെ തുടർന്ന് പോലീസ് പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് മാറാൻ ശ്രമിക്കവെയായിരുന്നു സംഭവം. എന്നാൽ, കോടതി ഉത്തരവിന് മുൻപുള്ള നടപടിക്രമം മാത്രമായിരുന്നു ഇതെന്ന് ആശുപത്രി അധികൃതർ പിന്നീട് വിശദീകരിച്ചു.

രിസ്ഥിതി - സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തകനുമായ സോനം വാങ്ചുക്കും ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രി ജീവനക്കാരും തമ്മിൽ നടന്ന വാക്കേറ്റത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 21 ദിവസം നീണ്ട നിരാഹാരത്തിനിടെ സുപ്രീം കോടതി അദ്ദേഹത്തിന്‍റെ ആരോഗ്യം സംരക്ഷിണക്കമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ദില്ലി പോലീസ് സോനത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

'ഇവിടെ തുടരാൻ പറ്റില്ല, എനിക്ക് പോകണം'

ആശുപത്രിയിലും നിരാഹാരം തുടർന്ന സോനത്തെ ജെ പി നദ്ദ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ സന്ദർശിക്കുകയും നിരാഹാരം നിർത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സോനം നിരാഹാരം നിർത്തിയെന്ന വാർത്തയും പുറത്ത് വന്നു. ഇതിന് പിന്നാലെ നല്ല ചികിത്സ തേടി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറാൻ ശ്രമിക്കവെ ആശുപത്രി അധികൃതർ തടയുകയായിരുന്നുവെന്ന് വീഡിയോയിൽ ആരോപിക്കുന്നു. വീഡിയോയിൽ, ജീവനക്കാർ തന്നെ ആശുപത്രി വിടാൻ അനുവദിക്കുന്നില്ലെന്ന് ആരോപിക്കുന്ന വാങ്ചുക്ക് കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു.

“ഇതാണ് രാജ്യത്തെ ഏറ്റവും മോശം സ്ഥാപനം. ഇവിടെ നിന്ന് എനിക്ക് പുറത്തുപോകണം. എന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ അറസ്റ്റ് ചെയ്യൂ, പക്ഷേ ഞാൻ ഇവിടെ തുടരില്ല,” എന്ന് അദ്ദേഹം പറയുന്നത് വീഡിയോയിൽ കേൾക്കാം. പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാഞ്ജലി അങ്മോയും ഈ ആവശ്യം ഉന്നയിക്കുന്നത് കേൾക്കാം. സഫ്ദർജംഗ് ആശുപത്രിയിൽ തുടരാൻ താൻ തയ്യാറല്ലെന്നും തന്‍റെ ഇഷ്ടപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് മാറാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ആശുപത്രി അധികൃതരുടെ നടപടികളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

Scroll to load tweet…

വീഡിയോ മുമ്പ് ചിത്രീകരിച്ചത്

അതേസമയം, സംഭവത്തിൽ സഫ്ദർജംഗ് ആശുപത്രി വിശദീകരണവുമായി രംഗത്തെത്തി. ദില്ലി ഹൈക്കോടതി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയാണ് അതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോടതി ഉത്തരവ് ലഭിക്കുന്നതുവരെ നിലവിലുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടത് ആശുപത്രിയുടെ ബാധ്യതയാണെന്നും അധികൃതർ പറഞ്ഞു. സുരക്ഷാ ജീവനക്കാർ കോടതി ഉത്തരവ് അതനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ദില്ലി ഹൈക്കോടതിയുടെ അനുമതി

സോനത്തിന്‍റെ ഭാര്യ ഗീതാഞ്ജലി അങ്മോ സഫ്ദർജംഗ് ആശുപത്രിയിലെ ചികിത്സയിൽ പരാതിയുണ്ടെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് കോടതി അദ്ദേഹത്തെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയായ മെഡാന്തയിലേക്ക് മാറ്റാൻ അനുമതി നൽകിയിരുന്നു.