ബാഗുകളുടെ പേപ്പർ ഹാൻഡിലിൽ വേർപെടുത്തിയെടുക്കാൻ കഴിയുന്ന ഒരു ഭാഗമുണ്ട്. ഉപഭോക്താക്കൾക്ക് ഈ ഭാഗം അടർത്തി മാറ്റി ഓർഡറുമായി എത്തുന്ന ഡെലിവറി പാർട്ണർമാരുടെ കൈകളിൽ രാഖിയായി കെട്ടിനൽകാം.
ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുക എന്നത് ഇന്നൊരു പുതുമയല്ല. ഗ്രോസറി മുതൽ മരുന്നുകളും ഭക്ഷണവും വരെ മിനിറ്റുകൾക്കുള്ളിൽ വീട്ടുപടികളിൽ എത്തുന്ന കാലമാണിത്. എന്നാൽ, ഓർഡർ വാങ്ങി വേഗത്തിൽ ഒരു താങ്ക് യൂ പറയുന്നതിനപ്പുറത്തേക്ക് ഡെലിവറി ജീവനക്കാരുമായി വലിയ ബന്ധമൊന്നും നമുക്കാർക്കും ഉണ്ടാകാറില്ല. എന്നാൽ, ഈ രക്ഷാബന്ധൻ വേളയിൽ ഡെലിവറി പാർട്ണർമാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ തികച്ചും വ്യത്യസ്തമായ വഴിയൊരുക്കിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്.
രാഖി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഡിസൈനിലുള്ള ഡെലിവറി ബാഗുകളാണ് ഇൻസ്റ്റമാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബാഗുകളുടെ പേപ്പർ ഹാൻഡിലിൽ വേർപെടുത്തിയെടുക്കാൻ കഴിയുന്ന ഒരു ഭാഗമുണ്ട്. ഉപഭോക്താക്കൾക്ക് ഈ ഭാഗം അടർത്തി മാറ്റി ഓർഡറുമായി എത്തുന്ന ഡെലിവറി പാർട്ണർമാരുടെ കൈകളിൽ രാഖിയായി കെട്ടിനൽകാം.
നിരവധി പേരാണ് ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ആശയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ന് ഇൻസ്റ്റമാർട്ട് ഓർഡർ വന്നപ്പോൾ ബാഗിൽ ഇത് ശ്രദ്ധിച്ചു. ബാഗിന്റെ ഹാൻഡിൽ അടർത്തി ഡെലിവറി ഭയ്യക്കുള്ള രാഖിയാക്കി മാറ്റാം. ഇത് വളരെ മനോഹരമായൊരു കാര്യമാണ്. നമ്മുടെ ഓർഡറുകൾ സമയത്ത് എത്തിക്കാൻ രാപ്പകലില്ലാതെ ഓടിനടക്കുന്ന ഡെലിവറി ജീവനക്കാർക്ക് ഇത്തരമൊരു സമ്മാനം നൽകാനായത് വലിയ സന്തോഷം നൽകി' ലിങ്ക്ഡ്ഇൻ കുറിപ്പിൽ പറയുന്നു.
ഇതുപോലെ നിരവധിപ്പേരാണ് സ്വന്തം സഹോദരന്മാരെ പോലെ ഡെലിവറി പാർട്ണർമാരെയും പരിഗണിച്ചുകൊണ്ട് സ്വിഗി തയ്യാറാക്കിയ ഈ രാഖിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്. ഇതൊരു നല്ല കാര്യമാണ് എന്നും ഡെലിവറി പാർട്ണർമാരോട് നന്ദിയും സ്നേഹവും അറിയിക്കാൻ ഇതൊരു മികച്ച മാർഗം തന്നെയാണ് എന്നും നിരവധിപ്പേരാണ് കമന്റ് ബോക്സുകളിലും പറയുന്നത്.
