കുട്ടികളുമായി ന്യൂസിലാൻഡിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ വരുന്നവർ ആവശ്യമായ മരുന്നുകൾ കയ്യിൽ കരുതണമെന്ന് അകൃതി മാതാപിതാക്കളെ ഉപദേശിക്കുന്നു.

എളുപ്പത്തിൽ ചികിത്സ ലഭ്യമാകുക- ഏതൊരു രാജ്യത്തും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത് അല്ലേ? എന്നാൽ, ന്യൂസിലാൻഡിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ഇന്ത്യക്കാരിയായ യുവതി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. പത്ത് ദിവസമായി വിട്ടുമാറാത്ത ചുമയുള്ള തന്റെ കുട്ടിക്ക് ഡോക്ടറെ കാണിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അകൃതി ജെയ്‌സ്വാൾ ശ്രീവാസ്തവ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇന്ത്യയിലെ വേഗത്തിലുള്ള ചികിത്സാ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസിലാൻഡിലെ സ്ഥിതി ഏറെ ബുദ്ധിമുട്ടാണെന്ന് ഇവർ വ്യക്തമാക്കുന്നു.

ഡോക്ടറെ കാണാൻ ഒരാഴ്ചത്തെ കാത്തിരിപ്പാണ് വേണ്ടിവന്നത്. വ്യാഴാഴ്ച വിളിച്ചപ്പോൾ അടുത്ത ബുധനാഴ്ചത്തേക്ക് മാത്രമാണ് ലോക്കൽ മെഡിക്കൽ സെന്ററിൽ അപ്പോയിന്റ്മെന്റ് ലഭിച്ചത്. അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനാൽ വാക്ക്-ഇൻ ക്ലിനിക്കിൽ എത്തിയെങ്കിലും, അവിടെയും അത്രയധികം തിരക്കായിരുന്നു. ആളുകളെ നോക്കാൻ പറ്റില്ലെന്നും പരിധി കഴിഞ്ഞുവെന്നും എഴുതിയ ബോർഡും അവിടെയുണ്ടായിരുന്നു.

കുട്ടികളുമായി ന്യൂസിലാൻഡിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ വരുന്നവർ ആവശ്യമായ മരുന്നുകൾ കയ്യിൽ കരുതണമെന്ന് അകൃതി മാതാപിതാക്കളെ ഉപദേശിക്കുന്നു. മുതിർന്നവർക്ക് ഏതുവിധേനയും പിടിച്ചുനിൽക്കാൻ കഴിയുമെങ്കിലും കുട്ടികളുടെ കാര്യത്തിൽ പെട്ടെന്ന് ചികിത്സ ആവശ്യമായി വരാറുണ്ട്. ഇന്ത്യയിലാണെങ്കിൽ എപ്പോൾ വേണമെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ പോയി ഉടൻതന്നെ ഡോക്ടറെ കാണാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്നും, ചികിത്സയുടെ കാര്യത്തിൽ ഇന്ത്യയാണ് ഏറ്റവും മികച്ചതെന്നും ഇവർ അഭിപ്രായപ്പെടുന്നു.

View post on Instagram

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പ്രവാസികൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. ലണ്ടൻ ഉൾപ്പടെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലും സമാനമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അവരിൽ പലരും കുറിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഇന്ത്യയിൽ എവിടെയും എപ്പോഴും പെട്ടെന്ന് ചികിത്സ ലഭ്യമാകുന്നതിനെ കുറിച്ചും പലരും കമന്റിൽ കുറിച്ചിട്ടുണ്ട്.